ദേവസഹായം പിള്ള വിശുദ്ധ ഗണത്തിലേയ്ക്ക് ഉയർത്തപ്പെട്ടതിന്റെ  ആഹ്ളാദത്തിലാണ് നാഗർകോവിലിനടുത്തുള്ള ആരുമാമൊഴി ഗ്രാമം. അദ്ദേഹം രക്തസാക്ഷിയായ കാറ്റാടി മലയിലേയ്ക്കും  സമീപത്തെ വ്യാകുലമാതാ പള്ളിയിലേക്കും ആയിരങ്ങളാണ് പ്രാർത്ഥനയ്ക്കായി എത്തിയത്.  

 

പതിറ്റാണ്ടുകൾക്കു മുമ്പേ കാറ്റാടിമലയുടെ പുണ്യാത്മാവായിരുന്നു ദേവസഹായം പിള്ള.  അദ്ദേഹത്തെ  മാർപ്പാപ്പ ഔദ്യോഗികമായി  അത്യുന്നത പദവിയിലേയ്ക്ക്  ഉയർത്തുന്നതിന് ഈ മണ്ണിൽത്തന്നെ സാക്ഷ്യം വഹിക്കാനാണ് വിശ്വാസി സമൂഹം ഇവിടേയ്ക്കൊഴുകിയെത്തിയത്. 

 

വത്തിക്കാനിൽ  വിശുദ്ധ പ്രഖ്യാപന ചടങ്ങുകൾ നടന്നതിനു പിന്നാലെ അദ്ദേഹത്തിൻ്റെ തിരുസ്വരൂപത്തിൽ വൈദിക ശ്രേഷ്ഠർ ചേർന്ന് കിരീടമണിയിച്ചു. തുടർന്ന് പ്രദക്ഷിണം  പരസ്യ വണക്കത്തിനായി തിരുസ്വരൂപം ദേവാലയത്തിനുള്ളിൽ പ്രതിഷ്ഠിച്ചു.  കേരളത്തിൽ നിന്നുള്ള നിരവധി പേരും ഈ പുണ്യ മൂഹൂർത്തത്തിന് സാക്ഷികളായി.  കാറ്റാടി മലയിൽ വിശുദ്ധൻ വെടിയേറ്റ് വീണ സ്ഥലത്തേയ്ക്കും  മരണസമയത്ത് മണി നാദത്തോടെ പാറക്കൂട്ടം അടർന്നു വീണെന്ന് ഐതിഹ്യമുള്ള മണിയടിച്ചാൻ പാറയിലേയ്ക്കും വിശ്വാസികളുടെ പ്രവാഹമാണിപ്പോൾ.