mathew-t-thomas

മലപ്പുറത്ത് പൊതുവേദിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പുരസ്‌കാരം നല്‍കാനായി ക്ഷണിച്ചതിനെതിരെ സമസ്ത നേതാവ് പ്രതികരിച്ച സംഭവത്തില്‍ പ്രതികരണവുമായി മാത്യു ടി.തോമസ് എം.എല്‍.എ. ഇത്ര മ്ലേച്ഛത്തരം പാടുണ്ടോ? എന്നാണ് അദ്ദേഹം തുറന്നടിച്ചിരിക്കുന്നത്. വെല്ലുവിളിയായി ഈ അനുഭവം മാറട്ടെ, നീ മിടുക്കിയായി വളരണം എന്നും ഫേസ്ബുക്ക് പോസ്റ്റിലൂ‍ടെ വിദ്യാര്‍ത്ഥിനിയോട് അദ്ദേഹം അഭ്യര്‍ത്ഥിക്കുന്നുണ്ട്.

 

'കഷ്ടം ! സമ്മാനം സ്വീകരിക്കുന്നതിനു വേദിയിലേക്ക് പെൺകുട്ടിയെ ക്ഷണിച്ചതിന് സംഘാടകർക്കു മേൽ മതനിഷ്‌ഠകളുടെ മറവിൽ ശകാരങ്ങൾ വർഷിക്കുന്ന ദൃശ്യങ്ങൾ ഇന്നത്തെ വാർത്തകളിൽ കാണാനിടയായി. പഠനമികവിന് സമ്മാനിതയായത് 16 വയസ്സുകാരി പെൺകുട്ടിയായിപ്പോയത് കൊണ്ട് ഇത്ര മ്ലേച്ഛത്തരം പാടുണ്ടോ? ലിംഗസമത്വം, തുല്യനീതി, ഭരണഘടനാതത്വങ്ങൾ അവിടെ നിൽക്കട്ടെ... ആ കുഞ്ഞു മനസ്സിനെ വേദനിപ്പിച്ചില്ലേ? ആ അപരാധത്തിന് മതത്തിന്റെ സംരക്ഷണമോ? മതബോധനങ്ങളുടെ ദുർവ്യാഖ്യാനം എന്ന് കരുതിക്കോട്ടെ? മകളെ... പൊറുക്കു ഞങ്ങളോട്. മറക്കു ഇന്നെന്ന കറുത്ത ദിനത്തെ. വെല്ലുവിളിയായി ഈ അനുഭവം മാറട്ടെ. നീ മിടുക്കിയായി വളരണം. ഒന്നും നിന്നെ തളർത്താതിരിക്കട്ടെ. നീ നിന്ദിതയല്ല...ആവരുത്.. ഇന്ന് നിനക്കീ വേദന സമ്മാനിച്ച ഞങ്ങൾ നിന്നെ നമിക്കുന്ന ഒരു ദിനമുണ്ടാവും.. തീർച്ച' എന്നാണ്  മാത്യു ടി.തോമസിന്റെ ഫേസ്ബുക്ക് കുറിപ്പ്.

 

കഴിഞ്ഞ ദിവസമാണ് പൊതുവേദിയില്‍ പുരസ്‌കാരം നല്‍കാനായി വിദ്യാര്‍ത്ഥിനിയെ ക്ഷണിച്ചതിനെതിരെ സമസ്ത നേതാവ് അബ്ദുല്ല മുസ്‌ലിയാര്‍ പ്രതികരിച്ച വിഡിയോ പുറത്തുവന്നത്. മദ്രസ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് സര്‍ട്ടിഫിക്കറ്റ് വിതരണത്തിനായി പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ സംഘാടകര്‍ വേദിയിലേക്കു ക്ഷണിച്ചത്. പെണ്‍കുട്ടി എത്തി സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചതോടെ സമസ്ത നേതാവ് കുപിതനായി. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.''ആരാടോ പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചത്? ഇനി മേലില്‍ ഇങ്ങോട്ട് വിളിച്ചിട്ടുണ്ടെങ്കില്‍ കാണിച്ചുതരാം. അങ്ങനത്തെ പെണ്‍കുട്ടികളെ ഒന്നും ഇങ്ങോട്ട് വിളിക്കണ്ട. സമസ്തയുടെ തീരുമാനം നിങ്ങള്‍ക്കറിയില്ലേ? രക്ഷിതാവിനോട് വരാന്‍ പറയ്'' - എന്നായിരുന്നു പ്രകോപിതനായ അബ്ദുല്ല മുസ്ലിയാരുടെ പ്രതികരണം.