തൃശൂര്‍ പൂരം പ്രമാണിച്ച് ഹോട്ടല്‍ മുറികള്‍ക്ക് വന്‍ ബുക്കിങ്. നഗരത്തിലെ ഒരു ഹോട്ടലിലും മുറികള്‍ കിട്ടാനില്ല. പതിനായിരം മുതല്‍ മുപ്പതിനായിരം രൂപ വരെയാണ് ഒരു മുറിയുടെ മൂന്നു ദിവസത്തെ പൂരം സ്പെഷല്‍ നിരക്ക്.
കഴിഞ്ഞ രണ്ടു വര്‍ഷമായി തൃശൂര്‍ പൂരം നടക്കാത്തതിനാല്‍ ഇക്കുറി ആളൊഴുകും. അതുക്കൊണ്ടുതന്നെ ഹോട്ടലുകളില്‍ മുറികളും കിട്ടാനില്ല. ഒരു മാസം മുമ്പേ ബുക്കിങ് തീര്‍ന്നു. മൂന്നു ദിവസത്തേയ്ക്കാണ് മുറിയുടെ ബുക്കിങ്. പ്രത്യേക നിരക്കാണ് ഓരോ ഹോട്ടലും ഈടാക്കുന്നത്. ശിതീകരിച്ച ഡബിള്‍ റൂമിന് പതിനായിരം മുതല്‍ മുപ്പതിനായിരം രൂപ വരെയാണ് പ്രത്യേക നിരക്ക്. അന്‍പതിനായിരം രൂപ തരാമെന്ന് പലരും വാഗ്ദാനം ചെയ്തിട്ടും ഹോട്ടലുകാര്‍ക്ക് മുറി കൊടുക്കാനില്ല. നഗരത്തിന്റെ രണ്ടു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഒരു ഹോട്ടലിലും താമസിക്കാന്‍ ഇനിയുള്ള നാലു ദിവസത്തേയ്ക്കു മുറിയില്ല.
തൃശൂര്‍ പൂരത്തിന്റെ തലേന്നും അന്നും പിറ്റേന്നും ഹോട്ടലുകാര്‍ക്ക് ചാകരയാണ്. പറഞ്ഞ കാശിന് മുറിയെടുക്കാന്‍ ആളുണ്ട്. വെടിക്കെട്ട് കാണാന്‍ കഴിയുന്ന ഹോട്ടലാണെങ്കില്‍ ഡിമാന്‍ഡ് കൂടും.