uma

 തമ്മിലടികള്‍ക്ക് അവസരം നല്‍കാതെ ഉമയെന്ന ഒറ്റപ്പേരിലൂന്നിയായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ നീക്കം. സ്ഥാനാര്‍ഥിമോഹം ചില കോണുകളില്‍ നിന്ന് ഉയര്‍ന്ന് കേട്ടെങ്കിലും അതൊന്നും തൃക്കാക്കര നിലനിര്‍ത്തുകയെന്ന കോണ്‍ഗ്രസ് ലക്ഷ്യത്തിന് മുന്നില്‍ തടസമായില്ല.

പി.ടി.തോമസും ഉമ തോമസും കേരള രാഷ്ട്രീയത്തിന് രണ്ട് പേരുകളല്ല. പി.ടിയെന്ന ഒറ്റപ്പേരില്‍ ഒന്നിച്ച് നിന്നു. പിടിയുടെ രാഷ്ട്രീയത്തിന് കരുത്തേകിയതെല്ലാം നിഴലായി നിന്ന ഉമയുടെ സാന്നിധ്യമായിരുന്നു. 35 വര്‍ഷം മുമ്പ് രവിപുരത്തെ വീട്ടില്‍ നിന്ന് പിടി തോമസിന്‍റെ കൈപിടിച്ചിറങ്ങിയ ഉമയ്ക്ക് കാലം കരുതി വച്ചത് പിടിയുടെ പകരക്കാരിയാകാനുള്ള നിയോഗമായിരുന്നു. പിടി തോമസ് ബാക്കി വച്ച സ്വപ്നങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഉമയോളം പിടിയെ അറിഞ്ഞ മറ്റൊരു വ്യക്തിയില്ല. 

തൃക്കാക്കരയില്‍ ഉമ തോമസ് മല്‍സരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സംബന്ധിച്ച് പിടി തോമസ് തന്നെയാണ് മല്‍സരരംഗത്ത്. രാഷ്ട്രീയം ഉമയ്ക്ക് പുതിയ അനുഭവമല്ല. മഹരാജാസില്‍ പഠിക്കുമ്പോള്‍ കെഎസ്്യുവിന്‍റെ പതാകയേന്തിയ ഉമ തോമസ് അന്നു തൊട്ടിന്നോളം പിടിയുടെ രാഷ്ട്രീയത്തിന് ഒപ്പമുണ്ടായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിത്വം ഉമയ്ക്ക് പുത്തരിയായാരിക്കാം. പക്ഷേ തിരഞ്ഞെടുപ്പ് മല്‍സരം ഉമയെ സംബന്ധിച്ച് പുതിയ അനുഭവമല്ല. കാരണം പിടി തോമസിന്‍റെ തിരഞ്ഞെടുപ്പ് മല്‍സരങ്ങളിലെല്ലാം സജീവ സാന്നിധ്യമായി ഉമയും ഉണ്ടായിരുന്നു. 1980 മുതല്‍ 85 വരെയുള്ള മഹാരാജാസ് കോളജിലെ പഠനകാലത്ത് കെഎസ്്യു പാനലില്‍ വൈസ് ചെയര്‍പേഴ്സണായും വനിതാ പ്രതിനിധിയായും ഉമ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മഹാരാജാസിലെ ആ കെഎസ്്യും കാലമാണ് പിടി തോമസിനെയും ഉമയെയും ഒന്നാക്കിയതും ഒന്നിപ്പിച്ചതും. മഹാരാജാസ് കോളജില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയ ഉമ കൊച്ചിയിലെ പ്രമുഖ ആശുപത്രിയില്‍ ഫിനാന്‍സ് അസിസ്റ്റന്‍റെ മാനേജറായി ജോലി നോക്കുമ്പോഴാണ് പുതിയ ദൗത്യം തേടിയെത്തുന്നത്.