മുസ്‌ലിം സമുദായത്തിനെതിരെ വിദ്വേഷ പ്രസംഗം നടത്തിയ പി.സി  ജോർജിന്‍റെ നടപടിയില്‍ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ കൈകൂപ്പി മകൻ ഷോൺ ജോർജ്. പ്രസംഗം വിവാദമായ പശ്ചാത്തലത്തിൽ കൈകൂപ്പി നിൽക്കുന്ന ഇമോജി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത് മകൻ ഷോൺ ജോർജ്. പി.സി ജോർജിന്റെ പ്രസ്താവനക്കെതിരെ വൻ പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പോസ്റ്റ് വന്നിരിക്കുന്നത്. ജോർജിന്റെ പ്രസ്താവനയോട് യോജിപ്പില്ലെന്ന് അദ്ദേഹത്തിന്റെ സഹോദര പുത്രനായ വിയാനി ചാർളിയും ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു. 

പൊതുവേദികളിൽ വർഗീയത പ്രസംഗിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന പി.സി.ജോർജിനെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് നേതാക്കളായ ഷാഫി പറമ്പിൽ എംഎൽഎയും വി.ടി.ബൽറാമും രംഗത്തെത്തിയിരുന്നു. സ്ഥിരമായി അങ്ങേയറ്റത്തെ ഹീനമായ വർഗീയത പൊതുവേദികളിൽ പ്രചരിപ്പിക്കുന്ന ജോർജിനെതിരെ നിയമാനുസരണം കേസെടുക്കാൻ പൊലീസിന് എന്താണ് തടസ്സമെന്നു ബൽറാം ചോദിച്ചു. തമ്മിലടിപ്പിക്കൽ തൊഴിലാക്കിയ ജോർജിനെതിരെ കേസെടുത്ത് ജയിലിലിടാൻ പൊലീസ് തയാറാകണമെന്നും സാംക്രമിക രോഗമായി പടരാൻ ആഗ്രഹിക്കുന്ന വർഗീയതയുടെ സഹവാസിയാണു ജോർജ് എന്നും ഷാഫി പറഞ്ഞു