പി.ശശി മുഖ്യമന്ത്രി പിണറായി വിജയന്‍റെ പൊളിറ്റിക്കല്‍ സെക്രട്ടറി. നിലവിലെ പൊളിറ്റിക്കല്‍ സെക്രട്ടറി പുത്തലത്ത് ദിനേശനെ ദേശാഭിമാനി പത്രാധിപസ്ഥാനത്തേക്ക് മാറ്റി. ഇ.പി.ജയരാജനെ ഇടതുമുന്നണി കണ്‍വീനറാക്കാനുള്ള സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനവും സിപിഎം സംസ്ഥാന സമിതി അംഗീകരിച്ചു. മുന്‍ധനമന്ത്രി ടി.എം.തോമസ് ഐസക്കാണ് ചിന്തയുടെ പുതിയ പത്രാധിപര്‍. 

 

പൊലീസ് ഭരണത്തിലടക്കം മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ നിശിതമായ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് അഴിച്ചുപണി. ഇ.കെ.നായനാര്‍  മുഖ്യമന്ത്രിയായിരിക്കെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച പി.ശശിയുടെ പരിചയസമ്പത്ത് ഉപയോഗിക്കാന്‍ സിപിഎം നേതൃത്വം തീരുമാനിക്കുകയായിരുന്നു. പാര്‍ട്ടി നയമനുസരിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് എന്ന് ഉറപ്പാക്കുന്ന ചുമതലയിലേക്കാണ് പി.ശശിയുടെ തിരിച്ചുവരവ്. ഇ.കെ.നായനാരുടെ കാലത്ത് മുഖ്യമന്ത്രിക്കൊപ്പം അധികാര കേന്ദ്രമായി പ്രവര്‍ത്തിച്ച പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നു പി.ശശി. പിന്നീട് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. അക്കാലത്താണ് പി.ശശിക്കെതിരെ സ്ത്രീപീഡന പരാതി ഉയരുന്നത്. പാര്‍ട്ടി സംഘടനാതത്വം ലംഘിച്ചതിന് 2011ല്‍ ശശി പാര്‍ട്ടിക്ക് പുറത്തായി. തുടര്‍ന്ന് അഭിഭാഷകനായി ജോലി തുടങ്ങുകയും ലോയേഴ്സ് യൂണിയന്‍ നേതാവാകുകയും ചെയ്തു. ടി.പി.കേസിലടക്കം പാര്‍ട്ടിക്കായി കോടതിയില്‍ ഹാജരായി. 2018ല്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തി. സമ്മേളന പ്രതിനിധിയല്ലാതിരുന്നിട്ടും ഇത്തവണ സംസ്ഥാനസമിതിയിലേക്ക് പി.ശശിയെ തിരഞ്ഞെടുത്തത് മുഖ്യമന്ത്രിയുടെ ഓഫിസിലെ അഴിച്ചുപണി ലക്ഷ്യമിട്ടായിരുന്നു.  

 

പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനം നഷ്ടമായ പുത്തലത്ത് ദിനേശനെ ദേശാഭിമാനിയുടെ ചീഫ് എഡിറ്ററായി നിയമിച്ചു. കോടിയേരിക്കുപകരമാണ് പുത്തലത്ത് ദേശാഭിമാനി ചീഫ് എഡിറ്ററാകുന്നത്. സി.പി.നാരായണന് പകരമാണ് തോമസ് ഐസക് ചിന്തയുടെ തലപ്പത്തെത്തുന്നത്. മന്ത്രിസ്ഥാനമില്ലാതായശേഷം തോമസ് ഐസകിന് പ്രത്യേകം പാര്‍ട്ടി ചുമതലതകളില്ലായിരുന്നു. പുതിയ ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജനു തന്നെയാണ് ഡിവൈഎഫ്ഐയുടെ ചുമതലയും. പാര്‍ട്ടി ചാനലായ കൈരളിയുടെ ചുമതല സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ്. എ.വിജയരാഘവനായിരുന്നു നേരത്തെ കൈരളിയുടെ ചുമതല. പി.ബി.അംഗത്വമൊഴിഞ്ഞ എസ്.രാമചന്ദ്രന്‍പിള്ളയ്ക്കാണ്  ഇ.എം.എസ്. അക്കാദമി, എ.കെ.ജി പഠന ഗവേഷണകേന്ദ്രം എന്നിവയുടെ ചുമതല.