നിയമസഭാ തിരഞ്ഞെടുപ്പിൽ കാലുവാരിയവരുടെ നല്ല നടപ്പ് പരിശോധിക്കാൻ കെ.പി.സി.സി അച്ചടക്കസമിതി. ആരോപണവിധേയരുടെ ഇപ്പോഴത്തെ പ്രവർത്തനരീതി വ്യക്തമാക്കാൻ ഡി.സി.സികൾക്ക് അച്ചടക്കസമിതി നിർദേശം. സമൂഹമാധ്യമങ്ങളിൽ നേതാക്കളെ അധിക്ഷേപിക്കുന്നവർക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നും സമിതി മുന്നറിയിപ്പ് നൽകി.
യുഡിഎഫിന് മിന്നൽപ്രഹരമേറ്റ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് ഒരുവർഷം ആകാനിരിക്കെയാണ് കാലുവാരിയവർക്കെതിരെ അച്ചടക്കനടപടികൾക്ക് കെ.പി.സി.സി തുടക്കമിടുന്നത്. തിരഞ്ഞെടുപ്പ് തോൽവി പഠിച്ച അഞ്ചു മേഖലാ സമിതികൾ കാലുവാരിയ നൂറ്റി ഇരുപതിനടുത്ത് നേതാക്കളെ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ കഴിഞ്ഞ ഒരുവർഷത്തെ പ്രവർത്തനം എങ്ങനെയെന്ന് വിശദമാക്കാൻ ഡി.സി.സി പ്രസിഡന്റുമാരോട് കെ.പി.സി.സി അച്ചടക്കസമിതി നിർദേശിച്ചു. പ്രവർത്തനശൈലി മികച്ചതാണെങ്കിൽ അച്ചടക്കസമിതിയിൽ നിന്ന് ഒഴിവാക്കിയേക്കും. പത്തുദിവസത്തിനകം ഡി.സി.സികൾ റിപ്പോർട്ട് സമർപ്പിക്കണം.
തുടർന്ന് അച്ചടക്കസമിതി ചേർന്ന് ഓരോ വ്യക്തിക്കുമെതിരെ എടുക്കേണ്ട നടപടി സംബന്ധിച്ച് കെ.പി.സി.സിക്ക് ശുപാർശ നൽകുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. തേരത്തെ ചില നേതാക്കൾക്കെതിരെ കെ.പി.സി.സി സ്വന്തം നിലയ്ക്ക് നടപടിയെടുത്തെങ്കിലും അച്ചടക്കസമിതി പരിഗണിച്ചില്ലെന്ന വിമർശനമുയർന്നിരുന്നു. കാലുവാരിയവർക്കെതിരെ കടുത്തനടപടിയുണ്ടാകുമെന്ന ഉറപ്പ് ഘടകക്ഷികൾക്ക് കോൺഗ്രസ് നൽകിയതാണ്. സമൂഹമാധ്യങ്ങളിൽ നേതാക്കളെ അധിക്ഷേപിക്കുന്നവർക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കാനാണ് സമിതിയുടെ തീരുമാനം.