നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവുമായി ബന്ധപ്പെട്ട മൊഴിയെടുപ്പില്‍ ദിലീപിന്റെയും സംഘത്തിന്റെയും ശബ്ദം തിരിച്ചറിഞ്ഞ് മഞ്ജു വാര്യര്‍. ദിലീപ്, അനൂപ്, സുരാജ്, ശരത്ത് എന്നിവരുടെ ശബ്ദമാണ് തിരിച്ചറിഞ്ഞത്. മൊഴിയെടുപ്പ് നാല് മണിക്കൂറോളം നീണ്ടു. കേസിൽ നാളെ കാവ്യാമാധവനെ ചോദ്യം ചെയ്യും.
സംവിധായകൻ ബാലചന്ദ്രകുമാർ പുറത്തുവിട്ട ശബ്ദരേഖകൾ ദിലീപിന്റെയും കൂട്ട് പ്രതികളുടേതുമാണെന്ന് സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച്. ഇതിന്റെ ഭാഗമായാണ് മഞ്ജു വാരിയറുടെയും മൊഴിയെടുത്തത്. കൊച്ചിയിലെ ഹോട്ടലിൽ വച്ച് ശബ്ദസാംപിളുകൾ കേട്ട മഞ്ജു ദിലീപിന്റെയും, അനൂപിന്റെയും സുരാജിന്റെയും കേസിലെ വി.ഐ.പി ശരത്തിന്റെയും ശബ്ദങ്ങൾ തിരിച്ചറിഞ്ഞു. സംഭാഷണങ്ങളുടെ പശ്ചാത്തലം സംബന്ധിച്ചും മഞ്ജുവിനോട് വിവരങ്ങൾ തേടി.
നാല് മണിക്കൂറോളം മൊഴിയെടുപ്പ് തുടർന്നു.നടിയെ ആക്രമിച്ച കേസിലെ സുപ്രധാന സാക്ഷി മൊഴികളിലൊന്നായിരുന്നു മഞ്ജു വാര്യരുടേത്.കേസിൽ നടി കാവ്യാമാധവനെ നാളെ ഉച്ചയ്ക്ക് ചോദ്യം ചെയ്യും. ആലുവയിൽ സൗകര്യമുള്ള ഇടം കാവ്യക്ക് തന്നെ തിരഞ്ഞെടുക്കാം എന്നാണ് ക്രൈംബ്രാഞ്ച് അറിയിച്ചത്.