അട്ടപ്പാടിയില്‍ ഖനനത്തിനിടെ കണ്ടെത്തിയ പൗരാണിക സംസ്കൃതിയുടെ ശേഷിപ്പുകള്‍ പുരാവസ്തു വകുപ്പ ്നേരിട്ട് പരിശോധിച്ച് തുടങ്ങി. ഗവേഷകന്‍ തൃശൂര്‍ സ്വദേശി ഡോ.എ.മണികണ്ഠന്റെ പത്ത് വര്‍ഷത്തെ കണ്ടെത്തലുകളാണ് പഠനവിധേയമാക്കുന്നത്.
ശേഷിപ്പുകളുള്ള മട്ടത്തുക്കാട്, നായ്ക്കര്‍പാടി, വട്ടലക്കി, നട്ടകല്ലൂര്‍, കോട്ടത്തറ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു പരിശോധന. മഹാശിലയുഗ കാലഘട്ടത്തിലേതിന് സമാനമാണ് അട്ടപ്പാടിയിലെ കണ്ടെത്തലുകളെന്നാണ് പ്രാഥമിക നിഗമനം. പഴയ നിര്‍മിതികളുടെ വ്യക്തമായ രൂപരേഖ ചരിത്രാന്വേഷകര്‍ക്ക് ലഭിച്ചിട്ടുണ്ട്. മണ്‍പാത്രങ്ങള്‍, ശിലാരൂപങ്ങള്‍ തുടങ്ങി പഠനവിധേയമാക്കാന്‍ കഴിയുന്ന നിരവധി സൂചനകള്‍ തെളിഞ്ഞിട്ടുണ്ട്. പത്ത് വര്‍ഷത്തെ കാലയളവിനുള്ളില്‍ ഡോ.മണികണ്ഠന്‍ ഖനനത്തിലൂടെയും തേടിനടന്നും വീണ്ടെടുത്തത് അമൂല്യങ്ങളായ പുരാവസ്തുക്കളാണ്. സംസ്ഥാന പുരാവസ്തു വകുപ്പ് കോഴിക്കോട് കേന്ദ്രത്തിലെ മലബാര്‍ മേഖലയുടെ ചുമതലക്കാരനായ കെ.കൃഷ്ണരാജിന്റെ നേതൃത്വത്തിലാണ് പഠനം.
മ്യൂസിയം ഗൈഡ് ഇ.കെ.ബിനോജ്, ടി.പി.നിബിന്‍ എന്നിവരാണ് സംഘത്തിലുള്ളത്. കൂടുതല്‍ പഠനത്തിനും ഗവേഷണത്തിനുമുള്ള പദ്ധതി കേന്ദ്ര പുരാവസ്തു വകുപ്പിന് സമര്‍പ്പിക്കും. അനുമതി ലഭിക്കുന്ന മുറയ്ക്ക് തുടര്‍ നടപടി സ്വീകരിക്കും. വ്യക്തമായ പഠനചിത്രം തെളിഞ്ഞാല്‍ ചരിത്രം പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഉള്‍പ്പെെട പ്രയോജനം ചെയ്യും.