malikwb

സിൽവർ ലൈൻ പദ്ധതിയുടെ അലൈൻമെന്റിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള കാസർകോട് തളങ്കര മാലിക് ദിനാർ പള്ളിയുടെ മുൻവശവും ഉൾപ്പെട്ടതിൽ പ്രതിഷേധവുമായി വിശ്വാസികളും രാഷ്ട്രീയ പാർട്ടികളും. പള്ളിയുടെ കബർ സ്ഥാനും യത്തീംഖാനയും ഉൾപ്പെടെ അലൈൻമെന്റിൽ ഉൾപ്പെട്ടതാണ് പ്രശ്ന കാരണം. അലൈൻമെന്റ് മാറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് അടക്കം നിവേദനം നൽകാനാണ് പള്ളി കൗൺസിലിന്റെ തീരുമാനം. തൊട്ടടുത്തുള്ള വരദരാജ വെങ്കിട്ടരമണ ക്ഷേത്ര ഭൂമിയും അലൈൻമെന്റിന്റെ ഭാഗമായിട്ടുണ്ട്.

 

 

മാലിക്ദീനാർ വലിയ ജുമുഅത്ത്‌ പള്ളി കൗൺസിൽ ചേർന്ന് പ്രമേയം പാസാക്കി. വൈകാരിക പ്രശ്നങ്ങളിലേക്ക് പോകാതെ, സർക്കാർ നേരിട്ട് ഇടപെട്ട് അലൈൻമെന്റ് മാറ്റണമെന്നാണ് ആവശ്യം. ജില്ലാ കലക്ടർ നേരിട്ട് ചർച്ച നടത്തിയിട്ടും വഴങ്ങേണ്ടതില്ല എന്ന നിലപാടിലാണ് പള്ളിക്കമ്മിറ്റി. പള്ളിയിൽ നിന്ന് ഏതാനും മീറ്ററുകൾ മാത്രം അകലെയുള്ള വരദരാജ വെങ്കിട്ടരമണ ക്ഷേത്ര ഭൂമിയും സിൽവർ അലൈൻമെന്റിന്റെ ഭാഗമാണ്. ഇവിടെയും വിശ്വാസികളിൽ നിന്ന് എതിർപ്പ് ഉയർന്നിട്ടുണ്ട്.