
തുടക്കത്തിലേ പഠനം മുടങ്ങി ഭാവിയെപ്പറ്റിയുള്ള ആശങ്കയിലാണ് യുക്രെയ്നില്‍ നിന്ന് തിരിച്ചെത്തിയ ഒന്നാംവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥികള്‍. യുക്രെയിനിലെത്തി മൂന്നാംമാസം യുദ്ധം ആരംഭിച്ചു. കടം വാങ്ങിയും വായ്പയെടുത്തും മക്കളെ ഡോക്ടര്‍മാരാക്കാന്‍ ശ്രമിച്ച രക്ഷിതാക്കളും എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്.
മകള്‍ നന്ദനയെ ഒരു ഡോക്ടറായി കാണാനുള്ള അതിയായ ആഗ്രഹം കൊണ്ടാണ് കല്പറ്റ സ്വദേശി മോഹന്‍രാജും കഴിഞ്ഞ ഡിസംബര്‍ പതിനെട്ടിന് മകളെ യുക്രെയ്നിലേക്ക് വിമാനംകയറ്റിയത്. പ്രതീക്ഷകളെല്ലാം പ്രതിസന്ധിയാകാനെടുത്തത് മൂന്നുമാസം സമയം. നിലവില്‍ ഓണ്‍ലൈന്‍ ക്ലാസ് പുനരാരംഭിച്ചെങ്കിലും ആശങ്കയകലുന്നില്ല.