മഹാത്മാഗാന്ധി സർവകലാശാല കലോല്‍സവത്തിന് ഇന്ന് പത്തനംതിട്ടയിൽ തുടക്കം. അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന കലാമേളയില്‍ അയ്യായിരത്തോളം വിദ്യാർഥികളാണ് പങ്കെടുക്കുന്നത്. സിനിമ മേഖലയില്‍ നിന്നുള്ള ഒട്ടേറെ പേര്‍ ഉദ്ഘാടന വേദിയിലെത്തും.

 

പതിനാലു കൊല്ലത്തിന് ശേഷമാണ് പത്തനംതിട്ടയില്‍ എം.ജി.കലോല്‍സവമെത്തുന്നത്. കോവിഡ് കാലം താണ്ടിയെത്തുന്ന കലാമേളയെ ഉല്‍സവമാക്കാനുള്ള തയാറെടുപ്പുകള്‍ അവസാനഘട്ടത്തിലാണ്. പത്തനംതിട്ടക്കാരിയായ അന്തരിച്ച കവയിന്ത്രി സുഗതകുമാരിയുടെ പേരിലാണ് സ്റ്റേഡിയത്തിലെ പ്രധാന വേദി. അഞ്ചു ദിവസം. ഏഴ് വേദികള്‍. മുന്നൂറു കലാലയങ്ങളില്‍ നിന്നുള്ള അയ്യായിരത്തോളം വിദ്യാര്‍ഥികള്‍. ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ളവരും മല്‍സരിക്കാം.

 

വൈകുന്നേരം അഞ്ചു മണിക്ക് സിനിമാ നടി നവ്യ നായർ കലോല്‍സവം ഉദ്ഘാടനം ചെയ്യും. സ്റ്റീഫൻ ദേവസി, ഉണ്ണി മുകുന്ദൻ, അനശ്വര രാജൻ, കൈലാഷ്, എബ്രിഡ് ഷൈൻ തുടങ്ങിയവരൊക്കെ വേദിയിലുണ്ടാകും.