സിപിഎം നിയന്ത്രണത്തിലുള്ള ബാങ്ക് മൂന്നാറിൽ നിർമിക്കുന്ന ഹൈഡല്‍ പാര്‍ക്കിന് എന്‍ഒസി നിഷേധിച്ച് റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. സഹകരണ ബാങ്കിന്‍റെ നേതൃത്വത്തില്‍ എന്‍ഒസി ഇല്ലാതെ നടത്തിയ നിര്‍മാണം ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്‍റെ ലംഘനമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു. ഉത്തരവിന്റെ പകർപ്പ് മനോരമ ന്യൂസിന് ലഭിച്ചു.

 

2017 ലാണ് നിർമാണ നിരോധനം നിലനിൽക്കുന്ന സ്ഥലത്ത് കോടതിയെ സമീപിച്ച് റവന്യൂ വകുപ്പിന്റെ എൻഒസി ഇല്ലാതെ അമ്യൂസ്മെന്റ് പാർക്കിന്റെ പണികൾ തുടങ്ങിയത്. തണ്ണീർത്തടവും അണക്കെട്ടിന്റെ സംഭരണിയും മണ്ണിട്ട് നികത്തിയതോടെ കോൺഗ്രസ് നേതാവായ രാജാറാം ഹൈക്കോടതിയെ സമീപിച്ചു. ഇതോടെ ഹൈക്കോടതി ഇടപെട്ട് നിർമാണം തടഞ്ഞു. വിഷയത്തിൽ നടപടിയെടുക്കാൻ കലക്ടറും സര്‍ക്കാരിന് കത്ത് നല്‍കി. പരാതിക്കാരനെയും ബാങ്കിനെയും കേട്ട ശേഷമാണ് അനുമതി നല്‍കാന്‍ കഴിയില്ലെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി എ. ജയതിലക് ഈ ഉത്തരവിറക്കിയത്. നിർമാണം നിർത്തി വയ്ക്കണമെന്ന കോടതി ഉത്തരവ് നിലനില്‍ക്കുന്നതിനാലാണ് അനുമതി നിഷേധിച്ചത്. എന്‍ഒസി ഇല്ലാതെ നടത്തിയ നിര്‍മാണം ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്‍റെ ലംഘനമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവിലുണ്ട്.

 

വൈദ്യുതി ബോര്‍ഡിന്റെ  കണ്ണായ സ്ഥലമായ മൂന്നാർ ടൗണിലെ ഭൂമിയാണ് സിപിഎം ഭരിക്കുന്ന മൂന്നാർ സർവീസ് സഹകരണ ബാങ്കിന് പാട്ടത്തിനു നൽകിയത്. എം എം മണി വൈദ്യുതി മന്ത്രിയായിരുന്ന 2017 ലാണ് ഭൂമി കൈമാറിയത്. പൊന്മുടിയിലടക്കം ഭൂമി സംബന്ധമായ തര്‍ക്കത്തില്‍ ഹൈഡല്‍ ടൂറിസം പദ്ധതി പ്രതിസന്ധിയിലാണ്.