മുന്നറിയിപ്പില്ലാതെ തമിഴ്നാട് അടച്ചിട്ട അട്ടപ്പാടി മുള്ളി ചെക്ക്പോസ്റ്റ് അടിയന്തരമായി തുറന്ന് നല്‍കണമെന്ന് വ്യാപാരികള്‍. ഇരുഭാഗത്തേക്കുമുള്ള യാത്രയ്ക്ക് നിയന്ത്രണം വന്നതോടെ വ്യാപാരികള്‍ പലരും കടക്കെണിയിലെന്നാണ് പരാതി. ഒന്നര മാസം മുന്‍പാണ് വന്യജീവികളുടെ സുരക്ഷയെക്കരുതിയെന്ന കാരണം പറഞ്ഞ് മുള്ളി ചെക്പോസ്റ്റ് തമിഴ്നാട് അടച്ചത്.
കാലങ്ങളായി മഞ്ജുരിലേക്കും ഊട്ടിയിലേക്കും വിനോദസഞ്ചാരികൾ ആശ്രയിച്ചിരുന്ന വഴിയാണ് തമിഴ്നാട് അടച്ചത്. സഞ്ചാരികളുടെ വരവ് നിലച്ചതോടെ ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണുണ്ടായതെന്ന് വ്യാപാരികള്‍ പറയുന്നു. 135 കോടിയോളം മുടക്കി കേരള സർക്കാർ റോഡ് നവീകരിക്കുമ്പോഴാണ് തമിഴ്നാട് അതിർത്തി അടച്ച് യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയിലാക്കിയത്. മുന്നറിയിപ്പില്ലാതെ വഴി തടസപ്പെടുത്തിയ നടപടിക്കെതിരെ വ്യാപക പ്രതിഷേധമുണ്ട്.
നിയന്ത്രണം ഒഴിവാക്കാന്‍ വൈകിയാല്‍ ജനങ്ങളെ അണിനിരത്തിയുള്ള സമരം തുടങ്ങുമെന്ന് ഇവര്‍ വ്യക്തമാക്കി. മുള്ളിയില്‍ താമസിക്കുന്നവരുടെ നിരവധി ബന്ധുക്കള്‍ അതിര്‍ത്തിക്കപ്പുറമുണ്ട്. മഞ്ചൂർ കിണ്ണക്കര ഊട്ടി ഭാഗങ്ങളിലുള്ള ഇവരുടെ വരവും പോക്കും തടസപ്പെട്ടു. അടിയന്തര സാഹചര്യങ്ങളില്‍ തമിഴ്നാട് അതിര്‍ത്തി കടന്ന് ഊട്ടിയോട് ചേര്‍ന്നുള്ള കുനൂര്‍ ആശുപത്രിയിലെത്താനുള്ള അട്ടപ്പാടിക്കാരുടെ സാധ്യതയും അടഞ്ഞു.