cheenikuzhi-home

TAGS

തൊടുപുഴ : ചീനിക്കുഴിയിലെ ഫൈസലിന്റെ വീടിനു ചുറ്റും ഇന്നലെയും പെട്രോളിന്റെയും പുകയുടെയും ഗന്ധം വിട്ടുമാറിയിരുന്നില്ല. വിജനമായി, കുട്ടികളുടെ കളിചിരികളില്ലാതെ ശാന്തമായി ആലിയക്കുന്നേൽ വീട് വിറങ്ങലിച്ചു നിൽക്കുകയാണ്. കരിമണ്ണൂർ പൊലീസ് സ്റ്റേഷനിലെ 2 പൊലീസുകാർ മാത്രമാണ് ഇന്നലെ വീടിന്റെ പരിസരത്ത് ഉണ്ടായിരുന്നത്. അയൽപക്കക്കാർ പോലും ഒരു തവണകൂടി ഫൈസലും കുടുംബവുമില്ലാത്ത ആ വീടിന്റെ പരിസരത്തേക്ക് എത്തിനോക്കാൻ മുതിർന്നില്ല.

 

ഒരു കുടുംബത്തിലെ 2 കുട്ടികൾ ഉൾപ്പെടെ നാല് പേരുടെ അതിദാരുണമായ മരണ വാർത്ത അറിഞ്ഞ് ശനിയാഴ്ച പുലർച്ചെ മുതൽ ജനങ്ങൾ തിങ്ങിക്കൂടിയ ചീനിക്കുഴി ടൗണും പരിസരവും ഇന്നലെ തീർത്തും വിജനമായിരുന്നു. ഇന്നലെയും ഇവിടത്തെ കടകൾ മിക്കതും തുറന്നില്ല. സ്വന്തം പിതാവ് പെട്രോൾ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തിയ ചീനിക്കുഴിയിലെ വ്യാപാരിയായ ആലിയക്കുന്നേൽ മുഹമ്മദ്‌ ഫൈസൽ (ഷിബു–45 )ഭാര്യ ഷീബ(40) മക്കളായ മെഹ്‌റിൻ(16) അസ്ന (13)എന്നിവരുടെ ദാരുണമായ മരണത്തിന്റെ ഞെട്ടലിൽ നിന്ന് പ്രദേശവാസികൾ മിക്കവരും മുക്തരായിട്ടില്ല.

 

ഷിബുവിന്റെ സുഹൃത്തുക്കളും ബന്ധുക്കളും ദാരുണമായ ദുരന്തത്തിന്റെ ദുഃഖത്തിലാണ്. എല്ലാ ദിവസവും അതിരാവിലെ തന്നെ ടൗണിലെ കടകളിൽ എത്തിയിരുന്ന നാട്ടുകാർ പലരും ഇന്നലെ ടൗണിലേക്ക് എത്തിയതേയില്ല. കൊലപാതകം നടന്ന ചീനിക്കുഴി ടൗണിനു സമീപമുള്ള വീട്ടിൽ പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഇവിടേക്ക് ആരെയും കയറ്റാതെ പൊലീസ് കയർ കെട്ടി തിരിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനിടെ വീട്ടിൽ നിന്ന് പുറത്ത് ഇറക്കിയിരുന്ന സാധനങ്ങളെല്ലാം ഇന്നലെ വീടിനുള്ളിലേക്ക് കയറ്റിയിട്ടു. മരണപ്പെട്ട ഷിബുവിന്റെ കാറും സ്കൂട്ടറും മുറ്റത്ത് ബാക്കിയായി.