ഡ്രെജിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യക്ക് വേണ്ടി കൊച്ചിൻ ഷിപ്പ്‌യാർഡ് ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രഡ്ജർ നിർമ്മിക്കും. ഡച്ച് ഡ്രെഡ്ജിങ് ടെക്നോളജി IHC ഹോളണ്ടുമായി സഹകരിച്ചാണ് നിർമ്മാണം. 34 മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം.
12,000 ക്യുബിക് മീറ്റർ ട്രെയിലിങ് സെക്ഷൻ ഹോപ്പർ ഡ്രെഡ്ജറാണ് ഡ്രെജിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യക്ക് വേണ്ടി കൊച്ചിൻ ഷിപ്പ്‌യാർഡ് നിർമ്മിക്കുക. നിർമ്മാണ കരാറിൽ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡും ഡ്രെജിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും ഒപ്പുവച്ചു. 950 കോടിയുടേതാണ് പദ്ധതി. ആത്മനിർഭർ ഭാരതിന്റെ സുപ്രധാന ചുവടുവെപ്പായാണ് പദ്ധതിയെ കണക്കാക്കുന്നത്. കരാർ ഒപ്പിടൽ ചടങ്ങിൽ കേന്ദ്ര മന്ത്രിമാരായ സർബനാനന്ദ സോനോവാൾ, ശാന്തനു ടാകൂർ, ശ്രീപദ് നായിക്, നീതി ആയോഗ് സി ഇ ഒ അമിതാഭ് കാന്ത് തുടങ്ങിയവർ പങ്കെടുത്തു.
127 മീറ്റർ നീളവും 28 മീറ്റർ വീതിയുമുള്ള ഡ്രെഡ്ജർ IHC യുടെ ആഗോളതലത്തിൽ പ്രശസ്തമായ ബീഗിൾ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ആവശ്യങ്ങളെല്ലാം നിറവേറ്റുന്ന തരത്തിൽ മാറ്റങ്ങൾ വരുത്തിയാണ് നിർമ്മിക്കുക.