ലൈംഗിക പീഡന ആരോപണങ്ങളിൽ കുടുങ്ങിയ കൊച്ചിയിലെ പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരിക്കെതിരെ 5 കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തു. ഇതുവരെ 7 പരാതികൾ ഇയാളെക്കുറിച്ചു ലഭിച്ചിട്ടുണ്ട്. പരാതികളിൽ മൊഴിയെടുപ്പു പൂർത്തിയാക്കിയ ശേഷം കൂടുതൽ കേസുകൾ റജിസ്റ്റർ ചെയ്യും.അനീസ് അൻസാരി ഇപ്പോഴും ഒളിവിലാണ്. പ്രതിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇയാളുമായി ബന്ധമുള്ള ചിലരെക്കൂടി കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തു.വൈറ്റില ചളിക്കവട്ടത്തെ അനീസ് അൻസാരി യുണിസെക്സ് സലൂൺ ബ്രൈഡൽ മേക്കപ് സ്ഥാപനത്തിൽ അനീസ് തനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് ഓസ്ട്രേലിയയിൽ താമസിക്കുന്ന പത്തനംതിട്ട സ്വദേശിനി പരാതി നൽകിയത്.വിവാഹദിന മേക്കപ്പിൽ ഏറെ ജനപ്രിയനായിരുന്ന അനീസിനെതിരായ പരാതികൾ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും ഞെട്ടിച്ചു. ആദ്യപരാതി ഉയർന്നപ്പോൾ അനീസിനെ പിന്താങ്ങിയിരുന്ന പലരും കൂടുതൽ പരാതികൾ ഉയർന്നതോടെ നിശ്ശബ്ദരായി. കേസിൽ നിയമസഹായത്തിനായി അനീസിന്റെ ബന്ധുക്കൾ അഭിഭാഷകരെ സമീപിച്ചിട്ടുണ്ട്. മുൻകൂർ ജാമ്യത്തിനുള്ള ശ്രമവും തുടങ്ങി.
അതേസമയം, കൊച്ചിയിലെ ടാറ്റൂ കേന്ദ്രത്തിലെ ലൈംഗിക അതിക്രമക്കേസിൽ റിമാൻഡിലുള്ള ടാറ്റൂ ആർട്ടിസ്റ്റ് പി.എസ്.സുജീഷിനെ പാലാരിവട്ടം പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും. പാലാരിവട്ടത്തെ സ്റ്റുഡിയോയിൽ വച്ച് ടാറ്റൂ പതിക്കുന്നതിനിടെ പീഡിപ്പിച്ചുവെന്ന് വിദേശ വനിതയടക്കം അഞ്ചുപേർ പരാതി നൽകിയിരുന്നു. പാലാരിവട്ടത്ത് റജിസ്റ്റർ ചെയ്ത അഞ്ച് കേസുകളിലും ഒരുമിച്ച് തെളിവെടുപ്പും മറ്റ് നടപടിക്രമങ്ങളും പൂർത്തീകരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് ഇന്നലെ അപേക്ഷ സമർപ്പിച്ചിരുന്നു. ഇടപ്പള്ളിയിലെ ഇൻക്ഫെക്ടഡ് സ്റ്റുഡിയോയിൽ വച്ച് പീഡിപ്പിച്ചുവെന്ന രണ്ട് യുവതികളുടെ പരാതിയിൽ ചേരാനല്ലൂർ പൊലീസാണ് സുജീഷിനെ അറസ്റ്റ് ചെയ്തത്.