ലൈംഗിക പീഡന ആരോപണത്തെത്തുടർന്ന് അന്വേഷണം നേരിടുന്നതിനിടെ താൻ അഭിനയിച്ച സിനിമയുടെ പ്രമോഷനുമായി ശ്രീകാന്ത് വെട്ടിയാർ. പുതിയ സിനിമയായ ‘ഉസ്കൂളി’ന്റെ പോസ്റ്ററാണ് ശ്രീകാന്ത് പങ്കുവെച്ചത്. പോസ്റ്റിനു താഴെ വരുന്ന വിമർശനങ്ങളിൽ ചിലതിന് നേരിട്ട് മറുപടിയും കൊടുക്കുന്നുണ്ട്.
'താങ്കളെക്കുറിച്ച് ഉയർന്ന ആരോപണത്തിന് മറുപടി പറയാൻ ബാധ്യസ്ഥനാണ്. അതിനു ശേഷം പോരെ പ്രൊമോഷൻ' എന്നായിരുന്നു ഒരാളുടെ ചോദ്യം. ‘കേസിൽ ഇപ്പോൾ അന്വേഷണം നടക്കുന്നു. നിയമപരമായി നേരിടും. പൊതുവിടത്തിൽ ഒന്നും പറയാനില്ല’– എന്നായിരുന്നു ശ്രീകാന്തിന്റെ മറുപടി.
ആലുവയിലെ ഹോട്ടലിൽ വച്ച് തന്നെ ലൈംഗികമായി ചൂഷണം ചെയ്തു എന്നാരോപിച്ച് യുവതി പരാതി നൽകിയതിനെ തുടർന്ന് ശ്രീകാന്തിനെതിരെ കേസ് എടുത്തിരുന്നു. വിവാഹ വാഗ്ദാനം നൽകി യുവതിയെ ആലുവയിലെ ഫ്ലാറ്റിലും കൊച്ചിയിലെ രണ്ടു ഹോട്ടലുകളിലുമെത്തിച്ചു പീഡിപ്പിച്ചെന്നാണ് കേസ്. കഴിഞ്ഞ വർഷം ജനുവരിയിലും ഡിസംബറിലുമായിരുന്നു പീഡനം. സാമ്പത്തികമായി ചൂഷണം ചെയ്തതിനു പുറമേ മാനസികമായും വൈകാരികമായും ഉപദ്രവിച്ചെന്നും പരാതിയിൽ പറയുന്നു. ‘വിമൻ എഗെയ്ൻസ്റ്റ് സെക്‌ഷ്വൽ ഹരാസ്മെന്റ്’ എന്ന ഫെയ്സ്ബുക് പേജിലൂടെ ശ്രീകാന്തിനെതിരെ മീടു ആരോപണവും ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്. കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം ലഭിച്ച ശ്രീകാന്ത് വെട്ടിയാർ അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരായിരുന്നു.