കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നാളെ യോഗം ചേരും. മാനസികാരോഗ്യ കേന്ദ്രത്തിലെ അടിസ്ഥാന സൗകര്യ വികസനം, രോഗം മാറിയവരുടെ പുനരധിവാസം ഉള്‍പ്പടെ നിരവധി കാര്യങ്ങളാണ് ചര്‍ച്ചയാകുക.
ചികില്‍സിക്കാവുന്നതിലും അധികം രോഗികള്‍. രോഗം മാറിയിട്ടും ഏറ്റെടുക്കാന്‍ ആരും തയാറാകാത്ത 48 പേര്‍ .ഇവരുടെ പുനരധിവാസം ഉള്‍പ്പടെ വിഷയങ്ങള്‍ നിരവധിയുണ്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്യാന്‍. പുനരധിവാസത്തിന് എട്ടര കോടി രൂപ ചെലവിട്ട് പുതിയൊരു കെട്ടിടം ഇവിടെ നിര്‍മിക്കുന്നുണ്ട്.മറ്റൊന്ന് സമഗ്ര വികസനത്തിനായുള്ള മാസ്റ്റര്‍ പ്ലാനാണ്. അതിനായി കിഫ്ബിയുടെ സഹായം തേടും. ജീവനക്കാരുടെ എണ്ണം കൂട്ടണം. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം നാലു സുരക്ഷാ ജീവനക്കാരെ കൂടി നിയമിച്ചിരുന്നു. മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസി കൊല്ലപ്പെടുകയും അഞ്ചു അന്തേവാസികള്‍ ചാടിപ്പോവുകയും ചെയ്ത പശ്ചാത്തലത്തില്‍ കൂടിയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള യോഗം.