കണ്ണൂരിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു. വീടിന് സമീപം രാവിലെ നടക്കാനിറങ്ങിയ കറ്റ്യാട് സ്വദേശി ഗോവിന്ദനാണ് മരിച്ചത്.
നെടുംപൊയിൽ കൊമ്മേരി കറ്റ്യാട്ട് രാവിലെ ആറരയ്ക്ക് വീടിന് സമീപത്തെ റോഡിൽ നടക്കാൻ ഇറങ്ങിയതായിരുന്നു 98കാരനായ ഗോവിന്ദൻ. ഒരാഴ്ചയിലേറെയായി കണ്ണവം വനപ്രദേശത്ത് ഉണ്ടായിരുന്ന കാട്ടുപോത്ത് റോഡിൽ കയറി ഗോവിന്ദനെ ആക്രമിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഗോവിന്ദനെ കൂത്തുപറമ്പ് കോപ്പറേറ്റീവ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രദേശത്ത് നാളുകളായി കാട്ടുപോത്തിന്റെ ശല്യമുണ്ടെന്നു നാട്ടുകാർ പറയുന്നു. പ്രദേശത്ത് വിഹരിക്കുന്ന കാട്ടുപോത്തിന്റെ ദൃശ്യങ്ങൾ നാട്ടുകാർ തന്നെ പകർത്തിയിട്ടുണ്ട്. കണ്ണവം ഫോറസ്റ്റ് റേഞ്ചിന് കീഴിലുള്ള സ്ഥലമാണ് കറ്റ്യാട്ട്.