അന്തരിച്ച ചലച്ചിത്രനടി കെപിഎസി ലളിതക്ക് ആദരാഞ്ജലി അർപ്പിച്ച് ചലച്ചിത്രലോകം. തട്ടീം മുട്ടീം എന്ന ടെലിവിഷൻ പരമ്പരയിൽ കെപിഎസി ലളിതക്കൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മഞ്ജു പിള്ളക്ക് പ്രിയപ്പെട്ട ലളിതാമ്മയെ അനുസ്മരിച്ചപ്പോൾ വാക്കുകൾ ഇടറി. 

 

'അവസാനം കാണുമ്പോൾ മകളെ വഴക്കു പറയാനെങ്കിലും എഴുന്നേറ്റു വാ അമ്മേ' എന്നു പറഞ്ഞതാണ് ഞാൻ. സ്വന്തം മക്കളെപ്പോലെ വഴക്കു പറയുമായിരുന്നു. ഞാൻ എവിടെപ്പോയാലും അമ്മയെക്കുറിച്ച് ചോദിക്കും. അമ്മ എവിടെപ്പോയാലും എന്നെപ്പറ്റി ചോദിക്കും. ഞങ്ങൾ ആദ്യം കാണുമ്പോൾ 'എന്റെ ശ്രീക്കുട്ടിയെ പോലെ തന്നെയുണ്ട്' എന്നാണ് പറഞ്ഞത് . ഇനി ..' പ്രിയപ്പെട്ടയാളെ അനുസ്മരിച്ചപ്പോൾ മഞ്ജുവിന് വാക്കുകൾ ഇടറി. 

 

കെപിഎസി ലളിതയ്ക്കൊപ്പം മകളും മരുമകളുമെല്ലാമായി നിരവധി തവണ കാമറയ്ക്കു മുന്നിലെത്തിയിട്ടുണ്ട് മഞ്ജു പിള്ള. മരണ വിവരം അറിഞ്ഞ് പേട്ടയിലെ ഫ്ലാറ്റിലേയ്ക്ക് ആദ്യം എത്തിയവരിൽ മഞ്ജുവും ഉണ്ടായിരുന്നു. 'അടുത്തുണ്ടായിരുന്നതിനാൽ വിവരം അറിഞ്ഞ ഉടൻ എത്താനായി. ഇത് നമുക്ക് ഒന്നും ചെയ്യാൻ പറ്റുന്ന കാര്യമല്ലല്ലോ? കൂടുതലൊന്നും പറയാൻ പറ്റുന്നില്ല' എന്നും മഞ്ജു പറഞ്ഞു .

 

കെപിഎസി ലളിതയുടെ വേർപാടിന്റെ വാർത്തയറിഞ്ഞ് നടൻ മോഹൻലാൽ ഉൾപ്പടെ സിനിമാ ലോകത്തെ നിരവധി പ്രമുഖരാണ് അർധരാത്രിയിൽ തന്നെ ആദരവ് അർപ്പിക്കാനെത്തിയത്. 

 

തൃപ്പൂണിത്തുറയിലെ വസതിയിൽ ഇന്നലെ രാത്രി 10.45 ഓടെയായിരുന്നു കെ.പി.എ.സി. ലളിതയുടെ അന്ത്യം. അസുഖം മൂലം ചികിൽസയിലായിരുന്നു. മലയാളത്തിലും തമിഴിലുമായി 550ല്‍അധികം സിനിമകളില്‍ അഭിനയിച്ചു. 1969ല്‍ ഇറങ്ങിയ കെ.എസ്.സേതുമാധവന്‍റെ 'കൂട്ടുകുടുംബ'മാണ് ആദ്യചിത്രം. സംവിധായകനും നടനുമായ സിദ്ധാര്‍ഥ് മകനാണ്. അന്തരിച്ച സംവിധായകന്‍ ഭരതന്‍റെ ഭാര്യയാണ്. േകരള സംഗീത നാടക അക്കാദമി അധ്യക്ഷയായിരുന്നു.