സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് മുതൽ മുഴുവൻ സമയം പ്രവർത്തനത്തിൽ. ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകൾ രാവിലെ മുതൽ വൈകീട്ട് വരെ സാധാരണ ടൈംടേബിളിലാണ്  പ്രവർത്തിക്കുന്നത്. മൂന്ന് മാസം നീണ്ട് നിന്ന ഷിഫ്റ്റ് സമ്പ്രദായ ക്ലാസുകൾക്ക് ഇതോടെ വിരാമമായി.

 

22 മാസങ്ങൾക്ക് ശേഷം സംസ്ഥാനത്തെ 47 ലക്ഷം വിദ്യാർഥികൾ  ഓരേ സമയം സ്കൂളിലെത്തി പഠനം തുടങ്ങി.കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിക്ക് ശേഷം എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് സ്കൂളുകൾ മുഴുവൻ സമയവും പ്രവർത്തനം ആരംഭിച്ചത്. എന്നാൽ ഹാജരും യൂണിഫോമും നിർബന്ധമില്ല. വിക്ടേഴ്സ് ചാനലിലൂടെ നൽകുന്ന ഓൺലൈൻ ക്ലാസുകളും തുടരും.

 

നാളുകൾക്ക് ശേഷം സുഹൃത്തുക്കളെ  ഒരുമിച്ച് കാണാൻ കഴിഞ്ഞതിൽ സന്തോഷത്തിലാണ് വിദ്യാർഥികൾ. ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്ലാസുകൾ തുടർന്നാൽ  പരീക്ഷയ്ക്ക് മുൻപ് പാഠം ഭാഗം പൂർത്തിയാക്കാനാവില്ലെന്ന് ഒരു വിഭാഗം അധ്യാപകർ പരാതി ഉന്നയിച്ചിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് സ്കൂളുകൾ പൂർണ സമയം പ്രവർത്തിപ്പിക്കാൻ സർക്കാർ തീരുമാനം എടുത്തത്. മാർച്ച് 16 മുതൽ എസ് എൽ എ സി, പ്ലസ് ടു വിദ്യാർഥികൾക്ക് മാതൃക പരീക്ഷ തുടങ്ങും. ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾക്ക് ഏപ്രിൽ ആദ്യവാരമായിരിക്കും പരീക്ഷ.