pallivasalpipe

 

അപകടഭീഷണിയായി ഇടുക്കി പള്ളിവാസല്‍ ജലവൈദ്യുത പദ്ധതിയുടെ കാലഹരണപ്പെട്ട പൈപ്പുകള്‍. പവര്‍ ഹൗസിലേയ്ക്കുള്ള നാലാമത്തെ പൈപ്പിലും ചോര്‍ച്ച കണ്ടെത്തി. അന്‍പത് വര്‍ഷത്തെ കാലാവധിയില്‍ സ്ഥാപിച്ച പെന്‍സ്റ്റോക്ക് പൈപ്പുകള്‍ 82 വര്‍ഷം പിന്നിട്ടിട്ടും മാറ്റി പുനഃസ്ഥാപിക്കാന്‍ നടപടിയില്ലെന്നാണ് ആക്ഷേപം. 

മുപ്പത്തിയേഴ് മെഗാവാട്ട് ഉൽപ്പാദന ശേഷിയുള്ള പള്ളിവാസൽ പവ്വർ ഹൗസിലേക്ക് 1940 സ്ഥാപിച്ച പെൻസ്റ്റോക്ക് പൈപ്പുകളാണിത്. കാലപ്പഴക്കത്താല്‍ തുരുമ്പടുത്ത് പൈപ്പുകളില്‍ പലയിടത്തും ചോര്‍ച്ചയുണ്ട്. ഒന്നര വര്‍ഷം മുമ്പ് ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്ന് ഒന്നും രണ്ടും പൈപ്പുകള്‍ കെഎസ്ഇബി അടച്ചിരുന്നു. മുന്‍പ് പൈപ്പുകളുടെ ജോയന്‍റുകളിലായിരുന്നു ചോര്‍ച്ചയെങ്കില്‍ ഇപ്പോള്‍ വലിയ പൈപ്പിന്‍റെ നടുഭാഗത്താണ് തുരുമ്പെടുത്ത് ചോര്‍ച്ച രൂപപ്പെട്ടിരിക്കുന്നത്.പന്നിയാര്‍ പെന്‍സ്റ്റോക്ക് ദുരന്തത്തിനേക്കാള്‍ പതിന്‍മടങ്ങ് വലിയ അപകടമാവും ഇത് തകര്‍ന്നാല്‍ ഉണ്ടാവുകയെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതുകൊണ്ട് സര്‍ക്കാര്‍ വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്നാണ് ആവശ്യം.