തിരുവനന്തപുരത്തെ അതിര്‍ത്തി ഗ്രാമമായ വ്ളാത്താങ്കരയിലെ കര്‍ഷകര്‍ വികസിപ്പിച്ചെടുത്ത ചീര കാര്‍ഷിക കേരളത്തില്‍ ശ്രദ്ധനേടുന്നു. നിറവും വലിപ്പവുമാണ് മുഖ്യ ആകര്‍ഷണം. വ്ളാത്താങ്കര ഗ്രാമത്തിലെ പാടങ്ങളെല്ലാം ഇപ്പോള്‍ ചീരയുടെ ചുവപ്പാല്‍ സുന്ദരിയായിരിക്കുകയാണ്.
പാടങ്ങള്‍ ഇപ്പോള്‍ പൂന്തോട്ടം പോലെയാണ്..ചുമന്ന പൂക്കള്‍ നിറഞ്ഞ പൂപ്പാടം പോലെ.. കേരളത്തിന്റെ തെക്കേ അറ്റത്തെ കാര്‍ഷിക ഗ്രാമമാണ് ചെങ്കല്‍ പഞ്ചായത്തിലെ വ്ളാത്താങ്കര. അവരുടെ സൃഷ്ടിയാണ് ഈ വ്ളാത്താങ്കര ചീര.. ഒരു കാലത്ത് പാവലായിരുന്നു ഇവിടത്തെ പ്രധാന കൃഷി. തങ്കയ്യന്‍ എന്ന കര്‍ഷകന്‍ സ്വന്തമായി ഈ ചീര വികസിപ്പിച്ചെടുത്തതോടെ ഇപ്പോള്‍ ഈ ഗ്രാമത്തിന്റെ പേരും മുഖവും വ്ളാത്താങ്കര ചീരയായി.
ഇരുണ്ട ചുവപ്പിനേക്കാള്‍ തെളിഞ്ഞ ചുവപ്പ് നിറമാണ് ഒന്നാമത്തെ പ്രത്യേകത.ഇലയ്ക്കും തണ്ടിനും പൊക്കവും വണ്ണവും കൂടുതലാണ്. അതിനാല്‍ കുറഞ്ഞയിടത്ത് കൂടുതല്‍ വിളവെടുക്കാനാവും. ഒരു വര്‍ഷം വരെ ചീരത്തൈ നില്‍ക്കുമെന്നതും ഇത് കര്‍ഷകര്‍ക്ക് ലാഭകൃഷിയാകുന്നു തിരുവനന്തപുരത്തിന് പുറത്തേക്കും വ്ളാത്താങ്കര ചീരയെന്ന പേര് പ്രസിദ്ധമായതോടെ ഒട്ടേറെ കര്‍ഷകര്‍ അന്വേഷിച്ച് വന്ന് തുടങ്ങി. ചീര വിത്ത് വില്‍പ്പനയും കര്‍ഷകരുടെ പ്രധാന വരുമാനമാണ്. ഒരു കിലോ വിത്തിന് 3500 രൂപയാണ് വില. അങ്ങിനെ സ്വന്തമായി വികസപ്പിച്ചെടുത്ത ചീര കൊണ്ട് ഒരു നാടും നാട്ടുകാരും പ്രസിദ്ധരാവുകയാണ് ഈ ഗ്രാമത്തില്‍.