തൃശൂരിന്‍റെ സ്വപ്നപദ്ധതിയായ ശക്തനിലെ ആകാശപ്പാത യാഥാര്‍ഥ്യത്തിലേക്ക്. അടുത്ത മാസം അവസാനത്തോടെ ആദ്യ ഘട്ടം പൂര്‍ത്തിയാകും. ഓഗസ്റ്റോടെ പൊതുജനത്തിനു തുറന്നുനല്‍കുമെന്ന് മേയര്‍ എം.കെ വര്‍ഗീസ് അറിയിച്ചു.
ക്രെയിന്‍ ഉപയോഗിച്ച് പില്ലര്‍ ട്രെസ് തൂണുകളില്‍ സ്ഥാപിച്ചു. ആകാശപ്പാതയുടെ ആദ്യഘട്ടം മാര്‍ച്ച് അവസാനത്തോടെ പൂര്‍ത്തിയാകും. ഓഗസ്റ്റോടെ രണ്ടാം ഘട്ടവും പൂര്‍ത്തിയാകും. ആകാശപ്പാത പൂര്‍ത്തിയായാല്‍ കാല്‍നടയാത്രക്കാര്‍ക്ക് ശക്തന്‍ നഗറിലെ ചന്തയിലേക്കും ബസ് സ്റ്റാന്‍ഡിലേക്കും സുഗമമായി എത്താം. റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടങ്ങള്‍ പതിവായതോടെയാണ് ആകാശപ്പാത നിര്‍മിക്കാന്‍ തീരുമാനമായത്.
ആറ് മീറ്റര്‍ ഉയരത്തിലാണ് ആകാശപ്പാതയുടെ നിര്‍മാണം. ശക്തന്‍ ബസ് സ്റ്റാന്‍ഡ്, മല്‍സ്യമാര്‍ക്കറ്റ്, പച്ചക്കറി മാര്‍ക്കറ്റ്, ശക്തന്‍ ഗ്രൗണ്ട് എന്നിങ്ങനെ നാലു കവാടങ്ങളാണുള്ളത്. മൂന്ന് മീറ്റര്‍ വീതിയുള്ളതാണ് നടപ്പാലം. നാല്പത് പടികളാണ് ഉള്ളത്. ഇത് പ്രായമായവര്‍ക്ക് പ്രയാസമാകും. അതിനാല്‍, ലിഫ്റ്റ് സ്ഥാപിക്കും. അഞ്ചര കോടി രൂപയാണ് ചെലവ്. ആകാശപ്പാതയ്ക്ക് തറക്കല്ലിട്ടത് 2019 നവംബറിലാണ്.