37 വർഷത്തിനുശേഷം യൂണിവേഴ്സിറ്റി കോളജിൽ കെഎസ്‍യുവിന് ഒരു ജനറൽ സീറ്റിൽ വിജയം ഉറപ്പാക്കിയ ഡെൽന തോമസിനെ ഷാൾ അണിയിച്ച് പ്രശംസിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. രാഷ്ട്രീയത്തിൽ നിൽക്കണമെന്നും ഒരു സ്റ്റാർ ആവണമെന്നും അദ്ദേഹം തോളിൽ തട്ടി അഭിനന്ദിച്ച് െകാണ്ട് പറഞ്ഞു. കോളജ് യൂണിയന്റെ ഒരു ഭാരവാഹി എന്ന് പറയുന്നത് പുതിയ തലമുറയുടെ മനസിൽ ജീവിക്കാൻ പറ്റുന്ന ഒരു അവസരമാണെന്നും സുധാകരൻ പറഞ്ഞു.

 

എസ്എഫ്ഐയുടെ ആർട്സ് ക്ലബ് സെക്രട്ടറി സ്ഥാനാർഥിക്ക് എംബിബിഎസ് പ്രവേശനം ലഭിച്ചതോടെയാണ് 37 വർഷത്തിനുശേഷം യൂണിവേഴ്സിറ്റി കോളജിൽ കെഎസ്‍യുവിന് ഒരു ജനറൽ സീറ്റിൽ വിജയം ഉറപ്പായത്. കോളജിൽനിന്നു വിടുതൽ സർട്ടിഫിക്കറ്റ് (ടിസി) വാങ്ങിയ സ്ഥാനാർഥിയെ ബാലറ്റിൽനിന്ന് ഒഴിവാക്കിയതായും ഈ സീറ്റിൽ മത്സരമുണ്ടാകില്ലെന്നും റിട്ടേണിങ് ഓഫിസർ വ്യക്തമാക്കി. ഇതേസമയം വിദ്യാർഥി സംഘർഷത്തെത്തുടർന്ന് കോളജിലെ യൂണിയൻ തിരഞ്ഞെടുപ്പ് മാറ്റി വച്ചു. 18 വരെ ക്ലാസുകൾ ഓൺലൈൻ വഴിയാക്കി.

 

കേരള സർവകലാശാലയിലെ മറ്റു കോളജുകളിൽ യൂണിയൻ തിരഞ്ഞെടുപ്പ് ഇന്നു നടക്കും. ജനറൽ സെക്രട്ടറി, തേഡ് ഡിസി റെപ്, ഫസ്റ്റ് പിജി റെപ് എന്നീ സ്ഥാനങ്ങളിലേക്കു മാത്രമാണ് യൂണിവേഴ്സിറ്റി കോളജിൽ മത്സരം. ചെയർമാൻ ഉൾപ്പെടെ മറ്റെല്ലാ സീറ്റിലും എസ്എഫ്ഐ എതിരില്ലാതെ ജയിച്ചു. 

എസ്എഫ്ഐയുടെ ആർട്സ് ക്ലബ് സെക്രട്ടറി സ്ഥാനാർഥിക്കു കോട്ടയം മെഡിക്കൽ കോളജിൽ എംബിബിഎസ് പ്രവേശനം ലഭിച്ചതോടെ കെഎസ്‍യു റിട്ടേണിങ് ഓഫിസർക്കു നൽകിയ പരാതിയെത്തുടർന്നു നടത്തിയ പരിശോധനയിലാണു സ്ഥാനാർഥി കഴിഞ്ഞ 4നു ടിസി വാങ്ങിപ്പോയെന്നു കണ്ടെത്തിയത്. 

 

ഇന്നലെ കോളജിൽ ഇരുവിഭാഗം വിദ്യാർഥികൾ തമ്മിൽ തർക്കമുണ്ടാവുകയും എസ്എഫ്ഐ പ്രവർത്തകനു തലയ്ക്കു പരുക്കേൽക്കുകയും ചെയ്തു. കെഎസ്‍യു സ്ഥാനാർഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുമെന്നതിനാൽ, തിരഞ്ഞെടുപ്പു മാറ്റി വയ്ക്കുന്നതിനായി എസ്എഫ്ഐ പ്രവർത്തകർ ആസൂത്രിതമായി നടത്തിയ നാടകമാണു കോളജിലുണ്ടായതെന്നു കെഎസ്‍യു ആരോപിച്ചു. 1985ൽ എം.മണികണ്ഠനാണു യൂണിവേഴ്സിറ്റി കോളജിൽ ജനറൽ സീറ്റിലേക്ക് അവസാനമായി ജയിച്ച കെഎസ്‍യു പ്രവർത്തകൻ.