കൊച്ചിയുടെ രാജനഗരിയായ തൃപ്പൂണിത്തുറയെ തൊട്ട് മെട്രോ ട്രെയിന്‍. ഇന്ന് പുലര്‍ച്ചെയാണ് പേട്ടയില്‍ നിന്നുള്ള ആദ്യ ട്രെയിന്‍ തൃപ്പൂണിത്തുറ എസ്എന്‍ ജംഗ്ഷനിലേക്കെത്തിയത്. KMRL നേരിട്ട് നിര്‍മിച്ച മെട്രോ ലൈന്‍ എന്ന പ്രത്യേകതയുമുണ്ട് പേട്ട എസ്എന്‍ ജംഗ്ഷന്‍ ലൈനിന്.
അര്‍ധരാത്രി പിന്നിട്ടതോടെയാണ് പേട്ട സ്റ്റേഷനില്‍ നിന്ന് തൃപ്പൂണിത്തുറയിലേക്കുള്ള മെട്രോയുടെ ആദ്യയാത്രയ്ക്ക് തുടക്കമായത്. കന്നിയാത്രയായതിനാല്‍ അതീവകരുതലോടെയാണ് പേട്ടപ്പാലവും കടന്ന് മെട്രോ ട്രെയിന്‍ മുന്നോട്ട് നീങ്ങിയത്. മണിക്കൂറില്‍ അഞ്ച് കിലോമീറ്റര്‍ മാത്രമായിരുന്നു വേഗം. വടക്കേക്കോട്ട സ്റ്റേഷന്‍ വരെയായിരുന്നു ട്രയല്‍ റണ്ണിന്‍റെ ആദ്യഘട്ടം. പിന്നീട് എസ്എന്‍ ജംഗ്ഷനിലേക്കും മെട്രോ ഓടിയെത്തി. പിന്നെ പേട്ട സ്റ്റേഷനിലേക്കുള്ള തിരികെ യാത്ര. സിഗ്നലുകളുടെയും പാളങ്ങളുടെയും വിശദപരിശോധനയും ട്രയല്‍ റണ്ണിന്‍റെ ഭാഗമായി നടന്നു.
ഡിഎംആര്‍സിയുമായുള്ള കരാര്‍ അവസാനിച്ചതിനെ തുടര്‍ന്ന് KMRL നേരിട്ടാണ് പേട്ട മുതല്‍ എസ്എന്‍ ജംഗ്ഷന്‍ വരെയുള്ള പാത നിര്‍മിച്ചത്. 453 കോടി ചെലവില്‍ രണ്ടേകാല്‍ കൊല്ലം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനായി. വടക്കേക്കോട്ട, എസ്എന്‍ ജംഗ്ഷന്‍ സ്റ്റേഷനുകളുടെ നിര്‍മാണവും ഏറെക്കുറെ പൂര്‍ത്തിയായി. എസ്എന്‍ ജംഗ്ഷനിലേക്ക് സര്‍വീസ് ആരംഭിക്കുന്നതോടെ കൊച്ചി മെട്രോ സ്റ്റേഷനുകളുടെ എണ്ണം 24 ആകും. എസ്എന്‍ ജംഗ്ഷന്‍ മുതല്‍ തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷന്‍ വരെയുള്ള നിര്‍മാണ പ്രവര്‍ത്തികളാണ് ഇനി അവശേഷിക്കുന്നത്.