പതിനേഴുകാരൻ ഓടിച്ച കാർ നിയന്ത്രണം വിട്ടു ചായക്കടയിലേക്കു പാഞ്ഞുകയറി ഒരാൾ മരിച്ചു. 3 പേർക്കു പരുക്കേറ്റു. ആലുവ–എറണാകുളം ദേശീയപാതയിൽ മുട്ടം തൈക്കാവിനു സമീപം മെട്രോ പില്ലർ 191നു മുൻപിൽ രാവിലെ 7.45നായിരുന്നു അപകടം. കടയിൽ ചായ കുടിക്കാനെത്തിയ എടത്തല നൊച്ചിമ പള്ളിക്കുടി പി.എ. ബക്കർ (62) ആണു മരിച്ചത്. കളമശേരി റെയിൽവേ ഗുഡ്സ്ഷെഡിലെ ലോറി ഡ്രൈവറാണ്.

കൊടുങ്ങല്ലൂരിൽ നിന്നു കൊച്ചിയിലേക്കു പോകുകയായിരുന്ന അഞ്ചംഗ സംഘത്തിന്റെ കാറാണ് അപകടമുണ്ടാക്കിയത്. പ്രായപൂർത്തിയായ ഒരാളേ കാറിൽ ഉണ്ടായിരുന്നുള്ളൂ. ഇവരുടെ സുഹൃത്തായ പത്തൊൻപതുകാരനാണയാൾ. മെട്രോ പില്ലർ 188നു മുന്നിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ ഇടതുവശത്തെ മീഡിയനിൽ തട്ടിയ ശേഷമാണു റോഡരികിലെ ചായക്കടയിലേക്കു പാഞ്ഞുകയറിയത്.ചായക്കടയുടെ പുറത്തിരുന്നവർ കാറിന്റെ അപകടകരമായ വരവു കണ്ട് ഓടിമാറി. അകത്തേക്കു തിരിഞ്ഞിരുന്നു ചായ കുടിക്കുകയായിരുന്ന ബക്കർ അടക്കമുള്ളവർക്കു കാർ കാണാൻ കഴിഞ്ഞില്ല. ഗുരുതരമായി പരുക്കേറ്റ ബക്കർ പത്തടിപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിയ ശേഷമാണു മരിച്ചത്.

മുട്ടം സ്വദേശികളായ വി.എ. റഫീഖ്, സലാം തോട്ടത്തിൽ, സദാനന്ദൻ നാൽപാടിപറമ്പിൽ എന്നിവർ പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ലോഡിങ് തൊഴിലാളികളാണു മൂവരും. ചായക്കടയുടെ മുൻഭാഗം തകർന്നു. കാറിനും സാരമായ കേടുപറ്റി. വീട്ടുകാരറിയാതെ കൊച്ചിയിൽ കറങ്ങാൻ ഇറങ്ങിയതാണെന്നു കാറിൽ ഉണ്ടായിരുന്നവർ പൊലീസിനു മൊഴി നൽകി. ബക്കറിന്റെ കബറടക്കം നടത്തി. ഭാര്യ: അസൂറ. മക്കൾ: ഷിജു, ഷിബു പള്ളിക്കുടി (എടത്തല പഞ്ചായത്ത് അംഗം), ഷിബിന. മരുമക്കൾ: ഷെഫീന, സനിയ, അബ്ദുൽ കലാം.കാറിന്റെ ആർസി ഉടമ കൊടുങ്ങല്ലൂർ എടവിലങ്ങ് സ്വദേശി അബ്ദുൽ ഹക്കിമിനെ പ്രതിയാക്കി പൊലീസ് കേസെടുത്തു. അപകടം ഉണ്ടാക്കിയ കാർ 1.4 ലക്ഷം രൂപ നൽകി കഴിഞ്ഞ ദിവസമാണു ഹക്കിം വാങ്ങിയത്. ഹക്കിമിന്റെ പക്കൽ നിന്നു സഹോദരിയുടെ മകൻ എടുത്തുകൊണ്ടു പോയ കാർ അവിടെ നിന്നാണു കുട്ടിസംഘത്തിന്റെ കൈകളിൽ എത്തിയതെന്നു പൊലീസ് പറഞ്ഞു.