മലമ്പുഴ ചെറാടിലെ കുമ്പാച്ചി മലയിൽ കുടുങ്ങിയ ബാബുവിനൊപ്പം മലകയറാനുണ്ടായിരുന്നതു മൂന്നു വിദ്യാർഥികൾ. ഒപ്പം ഫുട്ബോൾ കളിച്ചാണു പ്രദേശവാസികളായ ഇവർ ചങ്ങാത്തത്തിലായത്. തിങ്കളാഴ്ചയും ഫുട്ബോൾ കളി കഴിഞ്ഞായിരുന്നു മലകയറിയത്. മലകയറ്റം പൂർത്തിയാക്കാതെ ബാബു ഒഴികെയുള്ളവർ തിരികെയിറങ്ങി. ബാബുവിനൊപ്പം മലയുടെ പകുതിയോളം കയറിയ ഒരു കുട്ടി എന്താണു സംഭവിച്ചതെന്നു മനോരമയോടു പറഞ്ഞതിൽനിന്ന്.
‘തിങ്കളാഴ്ച രാവിലെയും പതിവു പോലെ ബാബുവേട്ടൻ പത്രമിടൽ കഴിഞ്ഞു ഞങ്ങളുമൊത്തു കളിക്കാനായി ചെറാടിലെ ഗ്രൗണ്ടിലെത്തി. അവിടെ വച്ചാണു കുമ്പാച്ചി മല കയറാൻ തീരുമാനിച്ചത്. ബാബുവേട്ടൻ വാങ്ങിക്കൊണ്ടുവന്ന പൊറോട്ടയും ദോശയും കഴിച്ച ശേഷം മലകയറ്റം തുടങ്ങി. മലകയറാൻ പോകുന്ന കാര്യം ആരും വീട്ടിൽ പറഞ്ഞിരുന്നില്ല.
വനത്തിലൂടെ മലയുടെ താഴ്‌വാരത്തെത്തി വാമല കയറ്റത്തിനുള്ള വഴിയിലൂടെ മുകളിലേക്കു കയറാനാണു തീരുമാനിച്ചത്. വഴിയിൽ ഇടയ്ക്കെവിടെയോ ആനയുടെ ശബ്ദം കേട്ടു, മലയുടെ അടിവാരത്തെത്തിയതോടെ കുത്തനെയുള്ള കയറ്റം തുടങ്ങി. മരങ്ങളുടെ തണലും ഇല്ലാതായി. മലകയറ്റം പകുതിയടുക്കുമ്പോഴേക്കും ഞങ്ങൾ മൂന്നുപേർ ക്ഷീണിച്ചു. കയ്യിൽ വെള്ളമോ ആഹാരമോ കരുതിയിട്ടുമില്ല. മലമുകളിൽ തൊട്ടിട്ടേ ഞാൻ തിരിച്ചു വരൂ എന്നു പറഞ്ഞു ബാബുവേട്ടൻ മലകയറി. ഞങ്ങൾ മുന്നു പേരും താഴേക്കിറങ്ങി. മലയിറങ്ങിയ ഞങ്ങൾ കുമ്പാച്ചി മലയുടെ മുകളിൽ വെളുത്ത ചെറിയ വര പോലെ ബാബുവേട്ടനെ കണ്ടു.
അപ്പോൾ ഉച്ചയായിരുന്നു സമയം.. കൂട്ടത്തിലൊരാളുടെ വീട്ടിലെത്തി വയറുനിറയെ വെള്ളം കുടിച്ചു, ആഹാരം കഴിച്ചുറങ്ങി. പതിവില്ലാത്ത വിധം വാഹനങ്ങളുടെ ശബ്ദവും ഫോൺ ബെല്ലടിക്കുന്നതും കേട്ടാണ് ഉണർന്നത്. മലയുടെ ഏതോ ഭാഗത്തു കുടുങ്ങിയെന്നു പറഞ്ഞു ബാബുവേട്ടന്റെ ഫോൺ വന്നു. ഞങ്ങൾ പുറത്തിറങ്ങുമ്പോൾ പൊലീസും അഗ്നിരക്ഷാ സേനയും അടക്കമുള്ളവർ ബാബുവേട്ടനെ രക്ഷിക്കാനായി വനത്തിനടുത്തേക്കു പോകുന്നു.
ആരോട് എന്തു പറയണം എന്നറിയാതെ എല്ലാവരും വീടുകളിലേക്കു മടങ്ങി, അമ്മയോടു കാര്യം പറഞ്ഞു. പിന്നെ ബാബുവേട്ടനെ സുരക്ഷിതമായി താഴെയിറക്കുന്നതുവരെ പ്രാർഥനകളോടെ വാർത്തകൾ കണ്ടു വീട്ടിൽതന്നെ ഇരുന്നു. ഒന്നും പറ്റിയില്ല എന്നറിഞ്ഞപ്പോഴാണു ജീവൻ തിരിച്ചുകിട്ടിയത്.