കയ്യിൽ ഒരു വണ്ടി കിട്ടിയാൽ റോഡിൽ എന്തു അഭ്യാസവും കാട്ടാമെന്ന് കരുതണ്ട,,,, വണ്ടി സഹിതം മോട്ടർ വാഹനവകുപ്പ് പൊക്കും. ചിലപ്പോൾ ലൈസൻസും തെറിക്കും. വാഹനാപകടങ്ങളും മരണനിരക്കും വർധിച്ചു വരുന്ന സാഹചര്യത്തിൽ ഇടുക്കിയെ അപകട രഹിത ജില്ലയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ വിവിധ പദ്ധതികളാണ് മോട്ടർ വാഹനവകുപ്പ് തയാറാക്കുന്നത്.
ഇങ്ങനെ ചീറി പാഞ്ഞുള്ള പോക്കിന് തടയിടുകയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ ലക്ഷ്യം. ഒരാഴ്ച്ചയ്ക്കിടെ പത്ത് പേരുടെ ജീവന്‍ അപകടങ്ങളില്‍ പൊലിഞ്ഞു. അപകടങ്ങള്‍ക്ക് തടയിടാന്‍ പുതിയ പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. ജില്ലയിലെ പ്രധാന ജംക്ഷനുകളിലടക്കം വിവിധ സ്ഥലങ്ങളിൽ ഇന്‍ഫോര്‍മര്‍മാരെ സജ്ജമാക്കാനുള്ള തയാറെടുപ്പിലാണ് മോട്ടർ വാഹനവകുപ്പ്. ഗതാഗത നിയമലംഘനങ്ങൾ കണ്ടാൽ, മോട്ടർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്കു ഇവര്‍ തെളിവു സഹിതം വിവരം കൈമാറും. പെട്ടിക്കട നടത്തുന്നവരോ, നാട്ടുകാരോ, വ്യാപാരികളോ അങ്ങനെ ആരുമാകാം ആ ഇൻഫോമർ.
കഞ്ചാവ് ഉൾപ്പെടെ ലഹരിക്കു അടിമപ്പെട്ടവരുടെ വിവരങ്ങൾ എക്‌സൈസ് വകുപ്പുമായി ബന്ധപ്പെട്ട് ശേഖരിക്കും. ഇത്തരക്കാരെ നിരീക്ഷിക്കും. ലഹരി ഉപയോഗിച്ചശേഷം വാഹനമോടിച്ചാല്‍ ലൈസൻസ് പോകും.റജിസ്ട്രേഷൻ നമ്പർ വ്യക്തമല്ലാത്ത വിധം പ്രദർശിപ്പിച്ച് പായുന്ന വാഹനങ്ങള്‍ക്കും പിടിവീഴും. പതിവു പരിശോധനകൾക്കു പുറമേ ആഴ്ചയിൽ രണ്ടു ദിവസം കർശന വാഹന പരിശോധനയുണ്ടാകും. പ്രായപൂർത്തിയാകാത്ത കുട്ടികൾക്കു വാഹനം കൊടുത്തുവിടുന്ന രക്ഷിതാക്കൾക്കെതിരെയും നടപടി കർശനമാക്കാനാണ് തീരുമാനം.