തൃശൂര്‍ കുതിരാന്‍ ദേശീയപാതയില്‍ രണ്ടാം തുരങ്കം തുറന്നു. തൃശൂരില്‍ നിന്ന് പാലക്കാട്ടേയ്ക്കുള്ള വാഹനങ്ങളാണ് രണ്ടാം തുരങ്കത്തിലൂടെ കടത്തിവിടുന്നത്.
രണ്ടാം തുരങ്കം യാത്രയ്ക്കു സജ്ജമാണെന്ന് ദേശീയപാത അധികൃതര്‍ ജില്ലാകലക്ടര്‍ക്കു കത്തു കൈമാറിയിരുന്നു. കലക്ടര്‍ ഹരിത വി കുമാറും കമ്മിഷണര്‍ ആര്‍.ആദിത്യയും രണ്ടാം തുരങ്കം പൂര്‍ണമായും പരിശോധിച്ചു.
തുരങ്കത്തിലെ റോഡില്‍ ട്രാഫിക് ലൈന്‍ വരച്ചിട്ടില്ലെന്ന് കലക്ടറും കമ്മിഷണറും ചൂണ്ടിക്കാട്ടി. ഒരാഴ്ചയ്ക്കുള്ളില്‍ ഇതു വരയ്ക്കണമെന്ന് കലക്ടറും കമ്മിഷണറും കരാര്‍ കമ്പനിക്കാരോട് നിര്‍ദ്ദേശിച്ചു. ഉച്ചയ്ക്കു പന്ത്രണ്ടേമുക്കാലിന് രണ്ടാം തുരങ്കം തുറന്നു. തൃശൂരില്‍ നിന്ന് പാലക്കാട് ഭാഗത്തേയ്ക്കുള്ള വാഹനങ്ങളായിരുന്നു രണ്ടാം തുരങ്കത്തിലൂടെ കടത്തിവിട്ടത്. ഒന്നാം തുരങ്കത്തില്‍ രണ്ടു വരിയായിരുന്ന ഗതാഗതം ഒറ്റവരിയാക്കി. രണ്ടാം തുരങ്കത്തിലേയ്ക്ക് താല്‍ക്കാലികമായി റോഡും ഒരുക്കി. യഥാര്‍ഥ അപ്രോച്ച് റോഡിന്റെ പണി തീരാന്‍ ഇനിയും രണ്ടു മാസമെടുക്കും.
അപ്രോച്ച് റോഡ് നിര്‍മിക്കാനുള്ള പാറ പൊട്ടിക്കാല്‍ തുടരുകയാണ്. രണ്ടു തുരങ്കങ്ങളിലും ഒരുപോലെയാണ് സുരക്ഷാക്രമീകരണങ്ങള്‍. തീപിടുത്തമുണ്ടായാല്‍ കെടുത്താനായി മുഴുവന്‍ സമയവും വെള്ളമെത്തുന്ന പൈപ്പുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. വെളിച്ച സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. മണ്ണുത്തി...വടക്കുഞ്ചേരി ദേശീയപാതയുടെ നിര്‍മാണം പൂര്‍ത്തിയാകാതെ ടോള്‍ പിരിക്കാന്‍ അനുവദിക്കില്ലെന്ന് മന്ത്രിമാരായ കെ.രാജനും മുഹമ്മദ് റിയാസും വ്യക്തമാക്കിയിട്ടുണ്ട്.