സ്വന്തം ജീവന്‍ പോലും നോക്കാതെ മൂന്നു മാസം കോവിഡ് പോരാളിയായ ഓട്ടോ ഡ്രൈവറെ അവഗണിച്ച് തിരുവനന്തപുരം കോര്‍പ്പറേഷന്‍. കഴക്കൂട്ടം സ്വദേശിയായ മോഹനൻ എന്ന ഓട്ടോ ഡ്രൈവര്‍ പ്രതിഫലമായി പറഞ്ഞിരുന്ന ഇരുപത്തയ്യായിരം രൂപയ്ക്കായി ഏഴ് മാസമായി ഓഫീസ് കയറിയിറങ്ങുകയാണ്.
കഴക്കൂട്ടം നഗരത്തില്‍ ഓട്ടോയോടിച്ചാണ് മോഹനന്‍ കുടുംബം പോറ്റിയിരുന്നത്. അങ്ങിനെയിരിക്കെയാണ് കേരളത്തെ ഞെട്ടിച്ച് കോവിഡ് മഹാമാരിയെത്തിയത്. നാട് വിറങ്ങലിച്ച് നിന്നപ്പോള്‍ മോഹനന്‍ മുന്നിട്ടിറങ്ങി. തിരുവനന്തപുരം കോര്‍പ്പറേഷന്‍ രൂപീകരിച്ച വാര്‍ഡ് തല സമിതിയില്‍ അംഗമായി. സ്വന്തം ഓട്ടോയില്‍ സ്വന്തം പോക്കറ്റില്‍ നിന്ന് കാശെടുത്ത് ഡീസലിച്ച് രോഗികളെ പരിശോധനക്കും ചികിത്സക്കും ആശുപത്രിയിലെത്തിക്കാന്‍ രാപ്പകല്‍ അധ്വാനിച്ചു. രോഗഭീതി മൂലം വീട്ടില്‍പോലും പോകാതെ നിന്നായിരുന്നു മൂന്ന് മാസത്തെ അധ്വാനം.മാസങ്ങള്‍ക്ക് ശേഷം വാര്‍ഡ് കൗണ്‍സിലറോട് ചോദിക്കുമ്പോള്‍ ഉടന്‍ ശരിയാക്കാമെന്ന പാഴ് വാഗ്ദാനമാണ് മറുപടി. കോര്‍പ്പറേഷന്‍ ഓഫീസിലെത്തുമ്പോള്‍ ഒരു പരിഗണനയും ആരും നല്‍കുന്നില്ല. ഇപ്പോള്‍ എം.എല്‍.എയും അന്നത്തെ മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രനെ കണ്ടിട്ടും പ്രയോജനമില്ല. മോഹനനൊപ്പം ജോലി ചെയ്ത ഭൂരിഭാഗം പേര്‍ക്കും പ്രതിഫലം ലഭിച്ചപ്പോഴാണ് ഇരുപത്തയ്യായിരം രൂപയ്ക്കായി ഇദേഹത്തിന്റെ നെട്ടോട്ടം.