shipmalayil

യെമനിലെ ഹൂതി വിമതർ തട്ടിയെടുത്ത യുഎഇ ചരക്കുകപ്പലിലുള്ള  ആലപ്പുഴ കായംകുളം സ്വദേശി അഖിലിന്‍റെ തിരിച്ചുവരവും കാത്തിരിക്കുകയാണ് കുടുംബം . കപ്പലിലെ സെക്കൻഡ് എൻജിനീയറാണ് അഖിൽ. കപ്പല്‍ തട്ടിയെടുത്ത വിവരം വീട്ടുകാര്‍ കഴിഞ്ഞദിവസമാണ് അറിയുന്നത്.

 

കായംകുളം ഏവൂര്‍ ചിറയില്‍ പടീറ്റതില്‍ രഘു–ശോഭ ദമ്പതികളുടെ മകനാണ് അഖിൽ . 2 മലയാളികൾ ഉൾപ്പെടെ 4 ഇന്ത്യക്കാർ ഉണ്ടായിരുന്ന യു.എ.ഇയുടെ ചരക്കുകപ്പൽ യെമന്റെ പടിഞ്ഞാറൻ തീരമായ അൽ ഹുദൈദായ്ക്ക് സമീപത്തുനിന്നുാണ്  ഹൂതി വിമതർ തട്ടിക്കൊണ്ടുപോയത്.16 പേരാണ് കപ്പലിലുണ്ടായിരുന്നത്. കപ്പലിലെ സെക്കൻഡ് എൻജിനീയറാണ് അഖിൽ. ഞായറാഴ്ച രാത്രി അഖിൽ യുക്രെയ്നിൽ എം.ബി.ബി.എസ്സിന് പഠിക്കുന്ന ഭാര്യ ജിതിനയുമായി ഫോണിൽ സംസാരിച്ചിരുന്നു .പിന്നീട് ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും നടന്നില്ല. അഖിലിന്റെ സഹോദരൻ രാഹുൽ ഇതേ ഷിപ്പിങ് കമ്പനിയിൽ ജോലി ചെയ്യുന്നുണ്ട്. രാഹുലും അന്വേഷിച്ചെങ്കിലും വിവരങ്ങള്‍ ഒന്നും കിട്ടിയില്ല . പിന്നീടാണ് കപ്പൽ തട്ടിയെടുത്ത വിവരം അറിയുന്നത്. 

 

മകനെ കണ്ടെത്താൻ സഹായിക്കണമെന്നാണ് അമ്മ ശോഭയുടെ ആവശ്യം .കമ്പനിയുടെ   അറിയിപ്പുകൾ ഒന്നുംതന്നെ ഇതുവരെ  ബന്ധുക്കൾക്ക് ലഭിച്ചിട്ടില്ല. കപ്പലിലുള്ള മലയാളികള്‍ അടക്കമുള്ളവരുടെ മോചനത്തിന് ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യമന്ത്രി ഡോ.എസ്.ജയ്ശങ്കറിനും സഹമന്ത്രി വി. മുരളീധരനും  എഎം ആരിഫ് എം പി കത്തുനല്‍കി .