സമയമാണ് ധനമെന്നും ആ സമയം സർക്കാർ തിരിച്ചുനൽകുന്ന പദ്ധതിയാണ് കെ–റെയിൽ എന്നു ഇടതുഅനുഭാവി കൂടിയായ സന്ദീപാനന്ദഗിരി. ഫെയ്സ്ബുക്കിൽ ലൈവിലെത്തിയാണ് അദ്ദേഹം സിൽവർലൈൻ അർധ അതിവേഗ റെയിൽ പദ്ധതിയെ വാഴ്ത്തി സംസാരിച്ചത്. മുഖ്യമന്ത്രി ഇന്നലെ എല്ലാം വിശദീകരിച്ചെന്നും വളരെ മനോഹരമായി തന്നെ അദ്ദേഹം അത് അവതരിപ്പിച്ചെന്നും സന്ദീപാനന്ദഗിരി പറയുന്നു. ടൈം ഈസ് മണി. സമയം പണമാണ്. ഒരു ദിവസം വേണ്ടിടത്ത് വെറും നാലുമണിക്കൂർ മതിയാകും. കോഴിക്കോട് നിന്ന് ചായ കുടിച്ച് കയറിയാൽ ഊണ് തിരുവനന്തപുരത്ത് നിന്ന് കഴിക്കാം. സ്ത്രീ സൗഹൃദം കൂടിയാണ് കെ–റെയിൽ. കൊച്ചിയിൽ ഉള്ള ആൾക്ക് രണ്ട് മണിക്കൂർ െകാണ്ട് എവിടെയും എത്താം. എയർ ആംബുലൻസ് പോലെയും കെ–റെയിൽ ഉപയോഗിക്കാൻ കഴിയുമെന്നും അദ്ദേഹം വിഡിയോയിൽ പറയുന്നു.

 

അതേസമയം സിൽവർലൈൻ അർധ അതിവേഗ റെയിൽ പദ്ധതിക്കെതിരെ വ്യാപക പ്രതിഷേധത്തിന് യുഡിഎഫ് യോഗം തീരുമാനിച്ചു. സർക്കാർ പാക്കേജിലെ പൊള്ളത്തരം ഉയർത്തിക്കാട്ടും. പദ്ധതി സംബന്ധിച്ച് ചർച്ച ചെയ്യാൻ അടിയന്തരമായി നിയമസഭ വിളിച്ചു ചേർക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

 

നാലു മേഖലകളിൽ സ്ഥിരം സമരവേദികൾ സജ്ജമാക്കും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട് ജില്ലകളിലായിരിക്കും സ്ഥിരം സമരവേദികൾ. പദ്ധതിക്കായി സർവേ കല്ലുകൾ നാട്ടാൻ അനുവദിക്കില്ലെന്നും യോഗം തീരുമാനിച്ചു.