വെങ്ങിണിശേരി എംഎസ് നഗറിൽ ഭിന്നശേഷിക്കാരിയായ യുവതി വെട്ടേറ്റു മരിച്ചു. തലയിൽ വെട്ടേറ്റ നിലയിൽ കണ്ട അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെങ്ങിണിശേരിയിൽ വാടകയ്ക്കു താമസിക്കുന്ന ചേനം പണിക്കശ്ശേരി സുരേഷിന്റെ മകൾ ശ്രിദ്യയാണു(24) കൊല്ലപ്പെട്ടത്. മകളെ വെട്ടിക്കൊലപ്പെടുത്തിയശേഷം സുരേഷ് (51) ജീവനൊടുക്കാൻ ശ്രമിച്ചതാണെന്നു പൊലീസ് പറഞ്ഞു. മനോനില തെറ്റിയ നിലയിൽ പെരുമാറിയ സുരേഷിനെ പൊലീസ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. തലയിൽ ആഴത്തിൽ മുറിവുണ്ട്. ഇന്നലെ രാവിലെ ഒൻപതോടെയാണു സംഭവം.
കരച്ചിൽ കേട്ട് എത്തിയവർ കണ്ടത് അടച്ചിട്ട മുറിയിൽ വെട്ടേറ്റു കിടക്കുന്ന ശ്രിദ്യയെയും തലയിൽ നിന്നു ചോരയൊലിച്ചു നിൽക്കുന്ന സുരേഷിനെയും. വാതിൽ പൂട്ടിയിരുന്നതിനാൽ പെട്ടെന്ന് അകത്തുകടക്കാനായില്ല. വെട്ടുകത്തിയുമായി നിന്നിരുന്ന സുരേഷ് ആരെയും അടുപ്പിച്ചുമില്ല. നാട്ടുകാർ വാതിൽ തകർത്തു പുറത്തെടുത്തപ്പോഴേക്കും ശ്രിദ്യ മരിച്ചു. സുരേഷിനെ പൊലീസ് ബലംപ്രയോഗിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു. സുരേഷിന്റെ ഭാര്യ സുനിതയും മകൻ സുശീലും കണ്ടുനിൽക്കെയാണ് അക്രമം. ശ്രിദ്യയുടെ സംസ്കാരം ഇന്ന്. ഡിവൈഎസ്പി ബാബു കെ. തോമസ്, ഇൻസ്പെക്ടർ ടി.വി. ഷിബു, വിരലടയാള വിദഗ്ധർ, ഫൊറൻസിക് വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി.
2 മക്കളും ഭിന്നശേഷിക്കാരായി പിറക്കുക, പട്ടിണിയോടു പോരടിച്ച് അവരെ വളർത്തുക, ഒടുവിൽ അച്ഛൻ മകളെ വെട്ടിക്കൊല്ലുന്ന ദുരന്തത്തിനു സാക്ഷിയാവുക... അനാഥമായ കുടുംബത്തിൽ ഇനി എന്തു ചെയ്യണമെന്നറിയാതെ തളർന്നിരിക്കുകയാണ് അമ്മയും അവശേഷിക്കുന്ന ഭിന്നശേഷിക്കാരനായ മകനും. വെങ്ങിണിശേരിയിൽ വാടകയ്ക്കു താമസിക്കുന്ന ചേനം സ്വദേശി പണിക്കശേരി വീട്ടിൽ ഭിന്നശേഷിക്കാരിയായ ശ്രിദ്യ വെട്ടേറ്റു മരിക്കുകയും അച്ഛൻ സുരേഷ് അറസ്റ്റിലാവുകയും ചെയ്തതോടെ അനാഥരായത് സുനിതയും ഭിന്നശേഷിക്കാരനായ മകൻ സുശീലും. സുരേഷ് സ്ഥലക്കച്ചവടം നടത്തിയും ഭാഗ്യക്കുറിയും മീനും വിറ്റുമാണു ഭാര്യയെയും മക്കളെയും നോക്കിയിരുന്നത്.
ചേനത്ത് സ്വന്തമായുള്ള ചെറിയ വീട് വാടകയ്ക്കു നൽകി മക്കളുടെ പഠനാവശ്യത്തിനാണു 4 മാസം മുൻപ് വെങ്ങിണിശേരിയിലെ വാടകവീട്ടിൽ എത്തിയത്. 2 മക്കളെയും അടുത്തുള്ള ബഡ്സ് സ്കൂളിൽ ചേർത്തു. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിയിരുന്നപ്പോഴും സുരേഷ് ഇതൊന്നും പുറത്ത് കാണിച്ചില്ല. കിട്ടുന്ന ജോലികൾ എല്ലാം ചെയ്തു കുടുംബം നോക്കിയിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു. മക്കളുടെ എല്ലാ ആവശ്യങ്ങളും സാധിച്ചു കൊടുക്കുമായിരുന്നു. ഒരു നേരം പോലും മക്കളുടെ മരുന്നുകൾ മുടക്കിയിട്ടില്ല. ശ്രിദ്യയോട് ഏറെ വാത്സല്യം കാണിച്ചിരുന്ന സുരേഷ് ഈ കടുംകൈ ചെയ്തെന്ന് ഇപ്പോഴും സുഹൃത്തുക്കൾക്ക് വിശ്വസിക്കാനാവുന്നില്ല.
കുറച്ചു ദിവസമായി സുരേഷ് അസ്വസ്ഥനായിരുന്നെന്നും വിചിത്രമായ രീതിയിലാണു പെരുമാറിയിരുന്നതെന്നും സുഹൃത്തുക്കൾ പൊലീസിനു മൊഴി നൽകി. ഒരു ദിവസം മുൻപു രാത്രി ഏറെ വൈകിയും ഇന്നലെ പുലർച്ചെയും സുഹൃത്തുക്കളെ പതിവില്ലാതെ പലതവണ ഫോണിൽ വിളിച്ചു. വീടിനു പുറത്ത് തന്നെ ആക്രമിക്കാൻ ചിലർ കാത്തു നിൽക്കുന്നുണ്ടെന്നു പലതവണ പറഞ്ഞു. മനോനില തെറ്റിയതുപോലെയായിരുന്നു ഈ ദിവസങ്ങളിലെ പെരുമാറ്റമെന്നു സുഹൃത്തുക്കൾ പറഞ്ഞതായി പൊലീസ് വെളിപ്പെടുത്തി. തലേ ദിവസം വീടിന്റെ അടുത്തുള്ള ഓട്ടോ സുരേഷും കുടുംബവും വാടകയ്ക്കു വിളിച്ചിരുന്നു.
ഓട്ടോക്കാരനോട് തങ്ങൾ ഒരുമിച്ച് ജീവനൊടുക്കാൻ തീരുമാനിച്ചെന്നു പറഞ്ഞു. ഡ്രൈവർ ഇവരെ വഴിയിൽ ഇറക്കുകയും വിവരം വാടകവീടിന്റെ ഉടമയെ അറിയിക്കുകയും ചെയ്തു. ഉടമ വീട്ടിലെത്തി സംസാരിക്കുകയും പരിഹാരം ഉണ്ടാക്കാമെന്നു പറഞ്ഞ് ആശ്വസിപ്പിക്കുകയും ചെയ്തിരുന്നതായി ഇൻസ്പെക്ടർ ടി.വി. ഷിബു പറയുന്നു. 2 മക്കളും ഭിന്നശേഷിക്കാരായതും സാമ്പത്തിക പ്രയാസങ്ങളും സുരേഷിനെ ഉലച്ചിരുന്നതായും മകളുടെ കാര്യത്തിൽ കൂടുതൽ ആശങ്ക സുഹൃത്തുക്കളോടു പ്രകടിപ്പിച്ചിരുന്നതായും പൊലീസ് പറഞ്ഞു.