അന്തരിച്ച കോൺഗ്രസ് നേതാവ് പി.ടി തോമസ് എം എൽ എ യുടെ ചിതാഭസ്മം ഇടുക്കി ഉപ്പുതോട്ടിൽ അമ്മയുടെ കല്ലറയിൽ അടക്കം ചെയ്തു. പി.ടി തോമസിന്റെ അന്ത്യാഭിലാഷമനുസരിച്ചാണ് ചിതാഭസ്മം ഉപ്പുതോട്ടിലെത്തിച്ചത്. ചിതാഭസ്മം കല്ലറയിൽ അടക്കം ചെയ്യുന്നതിന് ഇടുക്കി രൂപതമാർഗനിർദേശവും പുറപ്പെടുവിച്ചിരുന്നു.
അമ്മയുടെ കല്ലറയിൽ തന്റെ ചിതാഭസ്മം നിക്ഷേപിക്കണമെന്ന പി.ടി തോമസിന്റെ അന്ത്യാഭിലാഷം ഒരേ മനസോടെ അത്യാദരപൂർവം പി.ടിയുടെ കുടുംബാംഗങ്ങളും സഹപ്രവർത്തകരും നിറവേറ്റി. ഒരാഴ്ചയോളം പാലാരിവട്ടത്തെ പി.ടി തോമസിന്റെ വസതിയിൽ സൂക്ഷിച്ചിരുന്ന ചിതാഭസ്മം പ്രതിപക്ഷനേതാവ് വി.ഡി സതീശൻ അടക്കമുള്ള കോൺഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിൽ കെപിസിസി വൈസ് പ്രസിഡന്റ് വി.പി സജീന്ദ്രൻ ഭാര്യ ഉമയിൽ നിന്ന് ഏറ്റുവാങ്ങി.
തുടർന്ന് തുറന്ന വാഹനത്തിൽ സ്മൃതി യാത്ര ഉപ്പുതോട്ടിലേക്ക്. അകമ്പടിയായി ഇഷ്ട ഗാനം ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരമെന്ന വയലാർ ഗാനവും .
നേര്യമംഗലത്ത് വച്ച് ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി മാത്യു ചിതാഭസ്മം ഏറ്റുവാങ്ങി. ഇടുക്കിയിൽ നിന്നും എറണാകുളത്തു നിന്നുമെത്തിയ നൂറ് കണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ സ്മൃതി യാത്ര നേര്യമംഗലവും കടന്ന് ഇടുക്കിയിലേക്ക് കടന്നു.സ്മൃതിയാത്രയ്ക്ക് വിവിധ സ്ഥലങ്ങളിൽ ആദരമർപ്പിക്കാൻ ക്രമീകരണങ്ങളുമേർപ്പെടുത്തിയിരുന്നു.
പി.ടി.തോമസിന്റെ ചിതാഭസ്മം അമ്മയുടെ കല്ലറയില് അടക്കം ചെയ്യുന്നത് മതവികാരത്തെ വ്രണപ്പെടുത്താതെയായിരിക്കണമെന്ന് ഇടുക്കി രൂപത ആവശ്യപ്പെട്ടിരുന്നു. സെന്റ് ജോസഫ്സ് പള്ളി മുറ്റത്തെത്തിച്ച ചിതാഭസ്മം ബന്ധുക്കൾ ഏറ്റുവാങ്ങി. അന്തിമോപചാരങ്ങൾക്കുശേഷം കുടുബക്കല്ലറയിൽ സംസ്കാരം. തുടർന്ന് ടൗണിൽ നടന്ന സ്മൃതി സംഗമത്തിൽ നൂറുകണക്കിനുപേർ പങ്കെടുത്തു.