നിയമസഭ തിരഞ്ഞെടുപ്പിലെ തിരിച്ചടിയേക്കാള്‍ പോയവര്‍ഷം ലീഗ് രാഷ്ട്രീയത്തെ പിടിച്ചുലച്ചത് ഹരിത നേതാക്കള്‍ പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ത്തിയ കലാപമായിരുന്നു. പോഷക സംഘടനകളില്‍ 20 ശതമാനം വനിത സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ലീഗിന്റ ചരിത്രതീരുമാനമായിരുന്നു ആ കലാപത്തിന്റ അനന്തരഫലം. ലിംഗ സമത്വം ലക്ഷ്യമിട്ട് സര്‍ക്കാര്‍ ആവിഷ്കരിച്ച ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെതിരെ മലബാറിലെ മുസ്ലീം സംഘടനങ്ങള്‍ ഉയര്‍ത്തിയ പ്രതിഷേധവും പോയവര്‍ഷം കണ്ടു.
ലൈംഗികമായി അധിക്ഷേപിച്ച എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ നടപടി വേണമെന്ന ഹരിതയുടെ ന്യായമായ ആവശ്യത്തെ കണ്ടില്ലെന്ന് നടിച്ചതാണ് ലീഗിന് തലവേദനയായത്. പാര്‍ട്ടിക്കുള്ളില്‍ നീതി കിട്ടില്ലെന്ന് ഉറപ്പായതോടെ വനിത കമ്മീഷനെ സമീപിച്ച ഹരിതയുടെ നീക്കത്തെ പൊതുസമൂഹം ഏറ്റെടുത്തതോടെ ലീഗ് നേതൃത്വം പ്രതിരോധത്തിലായി. അച്ചടക്ക നടപടിയെടുത്ത് വായടപ്പിക്കാനായി പിന്നെ ശ്രമം. ആദ്യം ഹരിത സംസ്ഥാന കമ്മിറ്റി മരവിപ്പിച്ചു, പിന്നെ പിരിച്ചുവിട്ടു, പിന്തുണച്ചവരെ തരംതാഴ്ത്തി,ചിലരെ പുറത്താക്കി. ഒരു വശത്ത് വിമര്‍ശനത്തെ അടിച്ചൊതുക്കാന്‍ ശ്രമിച്ചപ്പോഴും 73 വര്‍ഷം പരാമ്പര്യമുള്ള ലീഗിന് വെറും ഒന്‍പത് വര്‍ഷം മാത്രമായ ഹരിതയുടെ വാക്കുകളെ പൂര്‍ണമായും തള്ളാന്‍ ആകുമായിരുന്നില്ല. പോഷക സംഘടനകളില്‍ 20 ശതമാനം വനിത സംവരണമെന്ന സുപ്രധാന തീരുമാനമെടുക്കാന്‍ ലീഗിനെ നിര്‍ബന്ധിതരാക്കിയത് പെണ്‍ പോരിന്റ ശക്തിതന്നെയായിരുന്നു. വിദ്യാ സമ്പന്നരായ ഒരു കൂട്ടം പെണ്‍കുട്ടികള്‍ നീതിക്കുവേണ്ടി,പാര്‍ട്ടിക്കുള്ളിലുയര്‍ത്തിയ വെല്ലുവിളി ലീഗ് ചരിത്രത്തില്‍ എന്നും മായാതെ കിടക്കുമെന്നുറപ്പ്
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും തുല്യത ഉറപ്പുവരുത്താനെന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച ലിംഗസമത്വ യൂണിഫോമിനെതിരെ മലബാറില്‍ മുസ്ലീം സംഘടനകള്‍ ഉയര്‍ത്തിയ പ്രതിഷേധത്തിന് കാര്യമായ പിന്തുണ കിട്ടിയില്ല. വസ്ത്രസ്വാതന്ത്ര്യമെന്ന വാദം ഉയര്‍ത്തിയായിരുന്നു, ആദ്യമായി ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം ഏര്‍പ്പെടുത്തിയ കോഴിക്കോട് ബാലുശേരി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിന് മുന്നിലെ പ്രതിഷേധം.