TAGS

കാക്കനാട്: പാർട്ടിയെ സെമി കേഡറിൽ എത്തിക്കും മുൻപേ സ്വന്തം ഓഫിസിൽ കേഡർ വ്യവസ്ഥ നടപ്പാക്കിയ നേതാവാണ് പി.ടി.തോമസ് എംഎൽഎ. ‘ടീം പി.ടി.’ എന്നറിയപ്പെട്ടിരുന്ന പി.ടി.തോമസിന്റെ എംഎൽഎ ഓഫിസ് ജീവനക്കാരുടെ സംഘം അദ്ദേഹത്തിന്റെ വേർപാടിൽ അക്ഷരാർഥത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ്. അച്ചടക്കത്തിലും പെരുമാറ്റച്ചട്ടത്തിലും ഒരു വിട്ടുവീഴ്ചയും നൽകാതെയായിരുന്നു പി.ടി.യുടെ എംഎൽഎ ഓഫിസ് പ്രവർത്തിച്ചിരുന്നത്. ജീവനക്കാർക്ക് കൃത്യമായ പ്രവർത്തന മാർഗരേഖയുണ്ടായിരുന്നു.

 

ഒരാൾക്ക് ഓഫിസിന്റെ മേൽനോട്ട ചുമതല. മറ്റൊരാൾക്ക് എംഎൽഎയുമായി ബന്ധപ്പെട്ട സർക്കാർ ഓഫിസുകളിലെ ഫയൽ നടപടികളുടെ അന്വേഷണ ചുമതല. മറ്റു രണ്ടു പേർ ഊഴമിട്ടു പി.ടി.ക്കൊപ്പം കാറിലുണ്ടാകണം. ഉപഹാരങ്ങൾ പി.ടി. സ്വീകരിക്കാറില്ലെങ്കിലും ക്രിസ്മസ്, പുതുവത്സര വേളയിൽ കേക്കും ഡയറിയും ഓഫിസിലെത്തിക്കുന്നവരെ തിരിച്ചയക്കാറില്ല. ഇവ പക്ഷേ സ്വന്തം വീട്ടിലേക്കു കൊണ്ടുപോകില്ലെന്നു മാത്രം. അർഹരായവർക്കു നൽകാനാണ് ജീവനക്കാർക്കുള്ള നിർദേശം.

 

യാത്രാമധ്യേ ഹോട്ടലിൽ കയറിയാൽ ഡ്രൈവറും പിഎയും തീൻമേശയിൽ തനിക്കൊപ്പം ഇരിക്കണമെന്നതാണു പി.ടി.യുടെ ഭക്ഷണ നിയമം. കൂടെ എത്ര വലിയ നേതാക്കളുണ്ടെങ്കിലും ഡ്രൈവറും പിഎയും മാറിയിരുന്നു ഭക്ഷണം കഴിക്കാൻ അദ്ദേഹം സമ്മതിക്കില്ല. റിട്ട.തഹസിൽദാരും കെഎസ്‍യു മുൻ ജില്ലാ വൈസ് പ്രസിഡന്റുമായ തുതിയൂർ സ്വദേശി കെ.എക്സ്.ജോസഫിനായിരുന്നു ഓഫിസിന്റെ മേൽനോട്ട ചുമതല. ലിജോ ജോസ്, ജെർജസ് ജേക്കബ്, ഷാലു വിൻസന്റ്, ജെനീഷ്, രാജേഷ് തുടങ്ങിയവരാണ് എംഎൽഎ ഓഫിസിലെ ജീവനക്കാർ.