ദേശീയപാതയിലൂടെ മൊബൈല്‍ ഫോണില്‍ സംസാരിച്ച് ഒറ്റക്കൈയ്യില്‍ വാഹനമോടിച്ച് ഡ്രൈവറുടെ അഭ്യാസം. മുന്‍നിരയിലിരുന്ന വീട്ടമ്മ കൈയ്യോടെ നിയമലംഘനം വീഡിയോയില്‍ പകര്‍ത്തി. ദൃശ്യങ്ങളോടെ യുവജന ക്ഷേമബോര്‍ഡ് അംഗം പരാതി നല്‍കിയത് പിന്നാലെ ഡ്രൈവര്‍ക്കെതിരെ മോട്ടോര്‍ വാഹനവകുപ്പ് കേസെടുത്തു. 

 

അറുപതിനോടടുത്ത് വേഗതയില്‍ വാഹനമോടിക്കുന്നുണ്ടെങ്കിലും ‍ഡ്രൈവറുെട മുഴുവന്‍ ശ്രദ്ധയും മൊബൈലിലാണ്. വേഗത കുറയ്ക്കാതെ തന്നെ മൊബൈലില്‍ മറുപടി അയയ്ക്കാന്‍ ശ്രമം. ഒന്നോ രണ്ടോ തവണയല്ല. ഏറെ നേരം നിയമലംഘനം തുടരുന്നത് കണ്ടതോടെയാണ് കുടുംബശ്രീ പ്രവര്‍ത്തക കൂടിയായ വീട്ടമ്മ സ്വന്തം മൊബൈലില്‍ രഹസ്യമായി ഡ്രൈവറുടെ വിനോദം പകര്‍ത്തിയത്. എഴുപതിലധികം യാത്രക്കാരുമായി തൃശൂരില്‍ നിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുകയായിരുന്നു ബസ്. വീഡിയോ കൈയ്യോെട യുവജന കമ്മീഷന്‍ അംഗം ഷെനിന്റെ കൈകളിലെത്തി. പിന്നാലെ മോട്ടോര്‍ വാഹനവകുപ്പിന് കൈമാറുകയായിരുന്നു. 

 

ഡ്രൈവറുടെ പേരില്‍ മോട്ടോര്‍ വാഹനവകുപ്പ് കേസെടുത്തു. ബസും കസ്റ്റഡിയിലെടുക്കും. കൂടുതല്‍ സമയമല്ലെങ്കിലും സ്വകാര്യ ബസുകളിലെ ഡ്രൈവര്‍മാരില്‍ ഭൂരിഭാഗവും ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുവെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് പറയുന്നത്. ഇവരെ പിടികൂടാന്‍ ദേശീയപാതയോരത്ത് കൂടുതല്‍ പരിശോധനയ്ക്കും എന്‍ഫോഴ്സ്മെന്റ് വിഭാഗം തീരുമാനിച്ചിട്ടുണ്ട്.