ksebwb

വൈദ്യുതി കമ്പിയോടുചേര്‍ന്ന മരച്ചില്ലകള്‍ വെട്ടുന്നവരുടെ അനാസ്ഥ മൂലം അപകടം പറ്റിയ യുവാവ് ദുരിതത്തില്‍. വലിയ വെട്ടുകത്തി വീണ് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ കെട്ടിട നിര്‍മാണ തൊഴിലാളിയെ അധികൃതര്‍ തിരിഞ്ഞു നോക്കിയില്ല. കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് പത്തനംതിട്ട അത്തിക്കയം ആറാട്ടുമണ്‍ സ്വദേശി പി.ടി.തോമസ്. 

ജോലി ചെയ്തിരുന്ന കെട്ടിടത്തിനടുത്ത് വൈദ്യുതി കമ്പിയോടു ചേര്‍ന്ന മരച്ചില്ല വെട്ടാനെത്തിയ കരാറുകാര്‍ ആവശ്യപ്പെട്ടതനുസരിച്ച് ഇരുചക്രവാഹനം മാറ്റിവയ്ക്കാന്‍ ചെന്നതാണ് പി.ടി.തോമസ്. മരച്ചില്ല വെട്ടിയിരുന്ന ആളിന്റെ കയ്യിലുണ്ടായിരുന്ന ആയുധം ഊര്‍ന്നുവീണത് തോമസിന്റെ തലയില്‍. തലയോട്ടി പൊട്ടി. പതിനഞ്ചു തുന്നലുണ്ട്. കോട്ടയം മെഡിക്കല്‍ കോളജിലായിരുന്നു ചികില്‍സ. എന്നിട്ടും കുറച്ചധികം പണം ചെലവായി. ഇപ്പോള്‍ വീട്ടില്‍ പൂര്‍ണവിശ്രമത്തിലാണ്. തോമസിന്റെ വരുമാനം കൊണ്ടു മാത്രം കഴിഞ്ഞിരുന്ന അഞ്ചംഗ കുടുംബം നേരിടുന്ന പ്രതിസന്ധി പറഞ്ഞറിയിക്കാനാവില്ല. പട്ടിണിയില്ലാതെ കഴിയുന്നത് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കാരുണ്യം കൊണ്ടുമാത്രം.നഷ്ടപരിഹാരം അഭ്യര്‍ഥിച്ച് പലവാതിലുകള്‍ മുട്ടിയെങ്കിലും എവിടെ നിന്നും ഇതുവരെ ഒരു ഉറപ്പും കിട്ടിയിട്ടില്ല.ഒരു കുടുംബത്തിന്റെ ജീവല്‍ പ്രശ്നമാണ്. ഉത്തരവാദിത്തപ്പെട്ടവര്‍ സാങ്കേതികത്വം പറഞ്ഞ് ഒഴിഞ്ഞു മാറരുത്.