mohd-riyas

തിരുവനന്തപുരം പഴകുറ്റി–നെടുമങ്ങാട് റോഡ് ആദ്യഘട്ട നിര്‍മാണപ്രവര്‍ത്തികള്‍ അടുത്തവര്‍ഷം അവസാനം പൂര്‍ത്തീകരിക്കുമെന്നു പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. സ്ഥലം സന്ദര്‍ശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. പഴകുറ്റി–മുക്കംപാലമാണ് ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. പഴകുറ്റി മുതല്‍ മംഗലപുരം വരെയുള്ള 20 കിലോമീറ്ററിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. മൂന്നു ഘട്ടമായി നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ ആദ്യഘട്ടം പഴകുറ്റി മുതല്‍ മുക്കം പാലം വരെ നീളുന്ന ഏഴര കിലോ മീറ്ററാണ്. 30 കോടി രൂപ ചെലവിട്ടു നിര്‍മിക്കുന്ന റോഡിന്‍റെ ഡ്രയിനേജ് സംവിധാനം വരെ 

ഉറപ്പാക്കിയാണ് നിര്‍മാണ പ്രവര്‍ത്തനമെന്നു പൊതുമരാമത്ത് മന്ത്രി പറഞ്ഞു. പഴകുറ്റി മുതല്‍ മംഗലപുരം വരെ റോഡില്‍ കുഴികള്‍ നിറഞ്ഞ് യാത്രാക്ളേശം വളരെ രൂക്ഷമായിരുന്നു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ നിരീക്ഷിക്കാനായി പ്രത്യേക വിജിലന്‍സ് സംവിധാനം സംസ്ഥാന വ്യാപകമായി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സ്ഥലം എം.എല്‍.എയും മന്ത്രിയുമായ ജി.ആര്‍.അനിലും പൊതുമരാമത്ത് മന്ത്രിക്കൊപ്പമുണ്ടായിരുന്നു.