ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പുതുജീവിതത്തിലേയ്ക്ക് കൈപിടിക്കുകയാണ് മജീഷ്യന്‍ ഗോപിനാഥ് മുതുകാട്്. മാന്ത്രികതൊപ്പി അഴിച്ചുവച്ചാണ് മുതുകാടിന്റെ പുതിയ ഉദ്യമം. മജീഷ്യനെ പൂര്‍ണമായും സ്വന്തമാകുന്നതിന്റെ ആഹ്ളാദത്തിലാണ് തിരുവന്തപുരം കഴക്കൂട്ടത്തെ മാജിക് അക്കാദമിയില്‍ കുട്ടികളും മാതാപിതാക്കളും.

 

ലോകത്തെമ്പാടും മായാജാല വിരുന്നൊരുക്കി വിസ്മയിപ്പിച്ച മുതുകാട് വീണ്ടും അതിശയിപ്പിക്കുന്നു. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് നേര്‍ക്ക് പ്രതീക്ഷയുടെ ദണ്ഡ് വീശിയാണ് മുതുകാടിന്റെ പുതിയ മാജിക്. നാലരപതിററാണ്ട് നീണ്ട പ്രഫഷണല്‍ ജീവിതത്തിന് വിരാമമിട്ടാണ് സ്വപ്നയാഥാര്‍ഥ്യത്തിലേയ്ക്കുളള മുതുകാടിന്റെ യാത്ര. ആ മാജിക്കല്‍ ടച്ചിന്റ ഫലം കാണിച്ചു തരുന്നു ഈ കുട്ടികള്‍ 

 

കുട്ടികള്‍ക്ക് മാത്രമല്ല അമ്മമാര്‍ക്കും ഇത് പുതുജീവിതമാണ്. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കൊപ്പം വീടിന്റെ നാല് ചുമരുകള്‍ക്കുളളില്‍ ഒതുങ്ങിപ്പോയവരുടെ വാക്കുകളില്‍ ഇന്ന് അധ്വാനിച്ച് പൊരുതിക്കയറുന്നതിന്റെ അഭിമാനം. അതിനുപരി കുട്ടികള്‍ ജീവിതത്തിലേയ്ക്ക് തിരികെനടക്കുന്നതിന്റെ സന്തോഷം. 

 

കഴക്കൂട്ടത്തെ മാജിക് പ്ളാനറ്റെന്ന അത്ഭുത ലോകത്തിന്റെ പ്രവര്‍ത്തനങ്ങളിലും മുതുകാട് കൂടുതല്‍ സജീവമാകും. നിലവില്‍ തിരുവനന്തപുരത്ത് മാത്രമൊതുങ്ങുന്ന ഭിന്നശേഷിക്കുട്ടികള്‍ക്കായുളള സംരംഭങ്ങള്‍ മററ് പ്രദേശങ്ങളിലേയ്ക്കും വ്യാപിപ്പിക്കാനുളള ചര്‍ച്ചകളും സജീവമാണ്. മായാജാല വേദിയില്‍ പുതുമകള്‍ ഒരുപാട് കാട്ടിയ മജീഷ്യന് ഈ കുട്ടികളുടെ ജീവിതത്തിലും ഇന്ദ്രജാലം തീര്‍ക്കാന്‍ കഴിയട്ടെയെന്ന ആശംസകളോടെ