ദേശീയപാത ആറുവരിയാക്കുന്നതിന്റെ ഭാഗമായി കുടിയൊഴിപ്പിക്കുന്ന വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും നഷ്ടപരിഹാരം വേണമെന്നാവശ്യം. നഷ്ടപരിഹാരത്തിനുളള സര്‍ക്കാര്‍ ഉത്തരവുകള്‍ പാലിക്കപ്പെടുന്നില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റപ്പെടുത്തി.

 

നിരവധി പ്രാവശ്യം നിവേദനം നല്‍കി, വിവിധങ്ങളായ സമരം ചെയ്തു. ദശാബ്ദങ്ങളായി കച്ചവടം ചെയ്യുന്നവര്‍ക്ക് അര്‍‌ഹതപ്പെട്ട നഷ്ടപരിഹാരത്തിന് ഉദ്യോഗസ്ഥരോ സര്‍ക്കാരോ തീരുമാനം എടുക്കുന്നില്ലെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരാതി. 

ഒാച്ചിറ മുതല്‍ പാരിപ്പളളി കടമ്പാട്ടുകോണം വരെ ദേശീയപാത വികസിപ്പിക്കുമ്പോള്‍ രണ്ടായിരത്തിലധികം വ്യാപാരികളും അയ്യായിരത്തിലേറെ തൊഴിലാളികളും കുടിയൊഴിപ്പിക്കപ്പെടുമെന്നാണ് കണക്ക്.

 

വ്യാപാരികള്‍ക്ക് ഒറ്റത്തവണ നഷ്ടപരിഹാരമായി രണ്ടു ലക്ഷം രൂപയും തൊഴിലാളികള്‍ക്ക് ആറുമാസത്തേക്ക് പ്രതിമാസം ആറായിരം രൂപയും നല്‍കുമെന്ന് 2017 ഡിസംബറില്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയെങ്കിലും നടപ്പായില്ല. 

        

സര്‍ക്കാര്‍ ഉത്തരവ് മാത്രമല്ല കോടതി ഉത്തരവ് ഉണ്ടായിട്ടും സംസ്ഥാനത്ത് ഒരിടത്തുപോലും നടപ്പാക്കാതെ ഉദ്യോഗസ്ഥര്‍ കബളിപ്പിക്കുകയാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റപ്പെടുത്തി.ദേശീയപാത 66 ല്‍ ഒാച്ചിറ മുതല്‍ പാരിപ്പളളി കടമ്പാട്ടുകോണം വരെ 56.6 കിലോമീറ്ററാണ് വികസിപ്പിക്കുന്നത്. പതിനേഴു വില്ലേജുകളിലായി 57.36 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കണം. നഷ്ടപരിഹാരം സംബന്ധിച്ചുളള പരാതികളില്‍ തീര്‍പ്പാകാത്തത് ഭൂമി ഏറ്റെടുക്കലിനെയും ബാധിക്കും. ഡിസംബറിന് മുന്‍പ് ഭൂമി കൈമാറ്റം നടക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഉദ്യോഗസ്ഥതലത്തില്‍ നടപടികള്‍ വൈകുകയാണ്.