TAGS

കോട്ടയം കടുത്തുരുത്തിയിൽ പ്രണയത്തെ ചൊല്ലി വിദ്യാർഥിനികൾ തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ സംഘർഷം. തർക്കം പരിഹരിക്കാനെത്തിയ അയൽവാസിക്ക് കുത്തേറ്റു. പ്ലസ്ടു വിദ്യാർത്ഥിനിയും കാമുകനും ഉൾപ്പെടെ നാലംഗസംഘം പൊലീസിന്റെ പിടിയിലായി. 

 

 ഞായറാഴ്ച രാത്രിയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പ്ലസ്ടു വിദ്യാർത്ഥിനികളായ കടുത്തുരുത്തി മങ്ങാട് സ്വദേശിനിയും കാപ്പുംതല സ്വദേശിനിയും സുഹൃത്തുക്കളായിരുന്നു. ഇവർക്കിടയിൽ ഉടലെടുത്ത തർക്കത്തെ തുടർന്നായിരുന്നു വീട് കയറിയുള്ള ആക്രമണവും കത്തിക്കുത്തും.  കാപ്പുംതല സ്വദേശിനി  ചങ്ങനാശ്ശേരി കുറിച്ചി സ്വദേശിയായ ജിബിനുമായി പ്രണയത്തിലായിരുന്നു. ജിബിന്റെ മുൻകാമുകിയാണെന്നവകാശപ്പെട്ട് തിരുവമ്പാടിക്കാരിയായ പെൺകുട്ടി എത്തിയതാണ് തർക്കങ്ങളുടെ തുടക്കം. ഈ പെൺക്കുട്ടി മങ്ങാട് സ്വദേശിനിയെ വിളിച്ച് ജിബിനുമായുള്ള പ്രണയത്തിൽ നിന്ന് സുഹൃത്തിനോട് പിൻമാറണമെന്ന്   ആവശ്യപ്പെട്ടു. മങ്ങാട് സ്വദേശി ഇക്കാര്യം  സുഹൃത്തായ കാപ്പുംതല  സ്വദേശിനിയെ അറിയിച്ചു. 

 

ആരോപണങ്ങൾ ജിബിൻ നിഷേധിച്ചതോടെ കൂട്ടുകാരികൾ ഇടഞ്ഞു. വീട്ടുകാരും  ഇടപെട്ടതോടെ വിഷയം വഷളായി.  കാപ്പുംതല സ്വദേശിനി  കാമുകനായ ജിബിനും മറ്റ് രണ്ട് സുഹൃത്തുക്കളോടുമൊപ്പം ചർച്ചയ്ക്കായി കൂട്ടുകാരിയുടെ മങ്ങാട്ടെ വീട്ടിലെത്തി. 

ഇതിനിടെ ജിബിൻ  മങ്ങാട് സ്വദേശിനിയുടെ പിതാവിനെ മർദിച്ചു.  കൂടെയുള്ളവർ കയ്യിലുണ്ടായിരുന്ന സ്ഫോടക വസ്തു എറിഞ്ഞ് ഭീകര അന്തരീക്ഷം സൃഷ്ടിച്ചു.  ഇതോടെ ഓടിയെത്തിയ അയൽവാസി  ബാനർജി ഭവനിൽ അശോകനെ അക്രമിസംഘം നെഞ്ചിൽ കുത്തിവീഴ്ത്തി. ഗുരുതരമായി പരിക്കേറ്റ അശോകൻ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. 

 

സംഭവസ്ഥലത്ത് നിന്ന് തന്നെ  ജിബിനെയും കാമുകിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.  സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ബൈക്കുമായി കടന്നുകളഞ്ഞ പ്രതികളായ സുധീഷ്, കൃഷ്ണകുമാർ എന്നിവരെയും പൊലീസ് പിന്നീട് പിടികൂടി. കടുത്തുരുത്തി പൊലീസിൻ്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.