
ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യഗ്രഹത്തിന്‍റെ തൊണ്ണൂറാം വാർഷികം ഇന്ന്. പിന്നാക്ക ഹിന്ദു വിഭാഗത്തിൽപ്പെട്ടവർക്ക് ക്ഷേത്രപ്രവേശനം അനുവദിക്കാൻ നവോത്ഥാന നായകൻ കെ.കേളപ്പന്റെ നേതൃത്വത്തിലായിരുന്നു സത്യഗ്രഹം.
1931 നവംബർ ഒന്നിനായിരുന്നു ഗുരുവായൂർ സത്യഗ്രഹം. പിന്നാക്ക വിഭാഗത്തിലുള്ള ഹിന്ദുക്കൾക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശനം ഇല്ലായിരുന്നു. ക്ഷേത്രത്തിന് 150 മീറ്റർ കിഴക്ക് പോസ്റ്റ് ഓഫീസിന് സമീപത്തുള്ള ദീപസ്തംഭത്തിന് സമീപത്തായിരുന്നു തൊഴാൻ അനുമതി. എല്ലാ ഹൈന്ദവർക്കും ക്ഷേത്രപ്രവേശനം ആവശ്യപ്പെട്ടായിരുന്നു സമരം. ക്ഷേത്രത്തിന് കിഴക്കേ നടയിൽ 50 മീറ്റർ അകലെ മുള്ള് വേലിയും മരത്തടികളും ഇട്ടായിരുന്നു അന്ന് സമരക്കാരെ തടഞ്ഞത്.
ക്ഷേത്ര പ്രവേശനം അനുവദിക്കാൻ പിന്നെയും 15 വർഷം കൂടി കാത്തിരിക്കേണ്ടി വന്നു. സത്യഗ്രഹത്തിന്റെ ഓർമയ്ക്കായി ഗുരുവായൂർ കിഴക്കേ നടയിൽ കവാടങ്ങളും മണ്ഡപവും സ്തൂപങ്ങളും നഗരസഭ ഒരുക്കിയിട്ടുണ്ട്. മഹാത്മാഗാന്ധി പ്രസംഗിക്കാനെത്തിയ സ്ഥലത്ത് അദേഹത്തിന്റെ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്. എല്ലാ ഹൈന്ദവർക്കും ക്ഷേത്രത്തിൽ പ്രവേശനം നൽകുന്നതിനായി അന്നത്തെ മദിരാശി സർക്കാർ ക്ഷേത്രപ്രവേശന ബിൽ പാസാക്കിയിരുന്നു. 1947 ജൂൺ രണ്ടിനാണ് ക്ഷേത്ര കവാടം എല്ലാ ഹിന്ദുക്കൾക്കുമായി തുറന്നു കൊടുത്തത്. 90-ാം വാർഷിക ദിനത്തിന്റെ ഭാഗമായി പ്രമുഖ രാഷ്ട്രീയ പാർട്ടികളെല്ലാം ഇന്ന് വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.