joju-counter

ബ്ലോക്കിൽ കുടുങ്ങി പോയ ഒരു കാൻസർ രോഗിയുടെ അഭ്യർഥന കേട്ടാണ് നടൻ ജോജു ജോർജ് സമരത്തിലേക്ക് ഇറങ്ങിയതെന്ന് വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന സംവിധായകൻ എ.കെ.സാജൻ. മനോരമ ന്യൂസ് കൗണ്ടർപോയിന്റിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘ഒരു മണിക്കൂറോളം ജോജു വാഹനത്തിൽ തന്നെ ഇരുന്നു. വലിയ വണ്ടിയാണ്. എസിയൊക്കെ ഇട്ട് നന്നായി ഇരിക്കാം. െതാട്ടടുത്ത് കിടന്ന ഓട്ടോയിൽ ഒരു അമ്മ ഉണ്ടായിരുന്നു. അവർ ഒരു കാൻസർ രോഗിയാണ് കീമോ എടുക്കാൻ പോവുകയാണെന്ന് ജോജുവിനോട് പറഞ്ഞു. ഇന്നാണ് ഡേറ്റ് കിട്ടിയത്. സമയത്ത് ചെന്നില്ലെങ്കിൽ അടുത്ത ഡേറ്റ് പത്തോ പതിനഞ്ചോ ദിവസം കഴിഞ്ഞാകും ഇനി കിട്ടുക എന്ന് അവർ പറഞ്ഞു. സാറ് പറഞ്ഞാൽ അവർ കേട്ടാലോ, ഒന്ന് പറയുമോ എന്ന് ആ അമ്മ അഭ്യർഥിച്ചു. ഇതോടെയാണ് ജോജു വാഹനത്തിൽ നിന്ന് ഇറങ്ങി സംസാരിക്കാൻ പോയത്. പക്ഷേ, പ്രവർത്തകരുടെ തിരിച്ചുള്ള പ്രതികരണം മറിച്ചായിരുന്നു.’ സാജൻ പറയുന്നു. കോണ്‍ഗ്രസ് നേതാക്കളുടെ ഉള്‍പെടെയുളള പ്രതികരണം ഞെട്ടിച്ചു. മുന്‍ എം.എല്‍.എ അടക്കം ജോജുവിന്റെ വാഹനത്തിന്റെ ബോണറ്റില്‍ അടിച്ചു. കോണ്‍ഗ്രസിന്റെ സംസ്കാരത്തിന് ചേര്‍ന്നതല്ലെന്നും സാജന്‍‌ പറഞ്ഞു. വിഡിയോ കാണാം. 

ഇതിനിെട, കുതിച്ചുയര്‍ന്ന് ഇന്ധനവില. ഒരു ലീറ്റര്‍ പെട്രോളിനും ഡീസലിനും 48 പൈസ വീതം കൂടി. കഴിഞ്ഞ ഒരുമാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 112 രൂപ കടന്നു. ഡീസലിന് 105 രൂപ 85 പൈസയായി. ഒരു മാസത്തിനിടെ പെട്രോളിന് 8രൂപ 40 പൈസയും, ഡീസലിന് 9രൂപ 43പൈസയുമാണ് കൂടിയത്.  വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക  സിലിണ്ടറിന്റെ വിലയും കൂട്ടി. 266 രൂപയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിലെ വില  1,994 രൂപ ആയി.