schooltvm-31

നവ പ്രതീക്ഷകളുടെ പ്രവേശനോത്സവത്തിനൊരുങ്ങി സംസ്ഥാനത്തെ സ്കൂളുകൾ. സിക്ക് റൂം ഉൾപ്പെടെ വിപുലമായ ആരോഗ്യ സുരക്ഷാ സംവിധാനങ്ങളോട് കൂടിയാണ്  കോവിഡ് കാലത്ത് സ്കൂൾ തുറക്കുന്നത്. മികവുറ്റ ക്രമീകരങ്ങൾ ഏർപ്പെടുത്തുമെന്നും ആശങ്ക മാറ്റി കുട്ടികളെ സ്കൂളിലയക്കണമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. 446 സ്കൂളുകൾക്ക് ഫിറ്റ്നസ് ലഭിച്ചിട്ടില്ല. 

കോവിഡ് കവർന്ന കളിചിരികളൊക്കെ നാളെ തിരികെ വരും.  ചോക്ളേറ്റിനും വർണബലൂണുകൾക്കും പകരം മാസ്കും സാനിറ്റൈസറും ഇടം പിടിച്ചിരുക്കുന്നു പ്രവേശനോത്സവ സമ്മാനപൊതികളിൽ. കോവിഡ് ആശങ്കകളെ ജാഗ്രതയോടെ മറികടക്കാനുള്ള തയാറെടുപ്പിന്റെ ഭാഗമായി സ്കൂളുകളിൽ ഇത് പോലെ സിക്ക് റൂം ഒരുക്കിയിട്ടുണ്ട്. ഏതെങ്കിലും വിധത്തിൽ അസ്വസ്ഥത അനുഭവപ്പെടുന്ന കുട്ടികളോ അധ്യാപകരോ ഉണ്ടായാൽ അവരെ സിക്ക് റൂമിലേയ്ക്ക് മാറ്റും.

സംസ്ഥാനത്ത് 15,452 സ്കൂളുകളാണുള്ളത്. ഇവയില്‍ 42.27 ലക്ഷം കുട്ടികളും ഒരുലക്ഷം അധ്യാപകരും 25,000 അനധ്യാപകരുമുണ്ട്.   ഒരുദിവസം മൂന്നിലൊന്ന് കുട്ടികള്‍ മാത്രം എത്തും വിധമാണ് ടൈംടേബിള്‍. വീടുകളിലുള്ള ദിവസങ്ങളില്‍ ഓണ്‍ലൈന്‍പഠനം തുടരും. വാക്സീൻ സ്വീകരിക്കാത്ത അധ്യാപകർ ആദ്യ രണ്ടാഴ്ച സ്കൂളില്‍ വരേണ്ടതില്ല. 2282 അധ്യാപകരും 327 അനധ്യാപകരും കുത്തിവയ്പെടുത്തിട്ടില്ല.