യൂത്ത് കോൺഗ്രസ് വനിതാ പ്രവർത്തകരുടെ നിയമസഭ വളപ്പിനുള്ളിലെ പ്രതിഷേധപ്രകടനത്തിനിടെ മർദ്ദനമേറ്റ സംസ്ഥാന സെക്രട്ടറി വീണ എസ് നായർ പൊലീസിനെ രൂക്ഷമായി വിമർശിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കു വച്ചു. ശിശുക്ഷേമ സമിതിയിലെ കുട്ടിയെ ദത്തെടുക്കൽ വിവാദവുമായി ബന്ധപ്പെട്ടു മന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
കുറിപ്പിന്റെ പൂർണരൂപം
ഈ മുറിവുകൾക്ക് നാല് ദിവസം പഴക്കമുണ്ട്. അങ്ങിനെയെങ്കിൽ നാല് ദിവസം മുൻപ് ഇതിലും രൂക്ഷമായിരിക്കുമല്ലോ? ഒരു പെൺകുട്ടിക്ക് ഈ മുറിവുകളുമായി നിങ്ങൾ കണ്ടാൽ നിങ്ങൾ എന്ത് ചെയ്യും. അപ്പോൾ തന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോകുമല്ലേ. എന്നാൽ ഇത്ര പോലും മനുഷത്വം ഇല്ലാത്തവരുണ്ട്. രാഷ്ട്രീയ തിമിരം ബാധിച്ച ചില പോലീസുകാർ. ഒക്ടോബർ 26 നു നിയമസഭ മാർച്ചിനെ തുടർന്ന് ഏകദേശം 1.30 മണിയായപ്പോൾ ഞങ്ങൾ ഏഴ് പേരെ അറസ്റ്റ് ചെയ്തു.
പരിപാടിക്കിടെ വീണതിനെ തുടർന്നാണ് എനിക്കു ഈ മുറിവുകൾ ഉണ്ടായത്. തുടർന്ന് ഈ മുറിഞ്ഞ കയ്യോടെ എന്നെ പോലീസ് തൂക്കിയെടുക്കുകയും ഒരു പോലീസുകാരി ചേച്ചി എന്റെ ശരീരത്തിൽ വീഴുകയും ചെയ്തതിനെ തുടർന്ന് കടുത്ത ശരീര വേദനയും ഉണ്ടായി. പോലീസ് സ്റ്റേഷനിൽ എത്തിയ ഉടനെ ഞങ്ങളെ ആശുപത്രിയിൽ കൊണ്ടുപോകണം എന്ന് പോലീസിനോട് അഭ്യർത്ഥിച്ചു. മുറിവ് സെപ്റ്റിക്ക് ആകാൻ സാധ്യതയുണ്ട് എന്നെ ആശുപത്രിയിൽ കൊണ്ടുപോകണം എന്ന് കൂടെയുണ്ടായിരുന്ന സഹപ്രവർത്തകർ വീണ്ടും വീണ്ടും അഭ്യർത്ഥിച്ചു കൊണ്ടിരിന്നു. എന്നാൽ രാഷ്ട്രീയ തിമിരം ബാധിച്ച ഇവർക്ക് എന്ത് മുനുഷ്യത്വം.
അതിനിടെ അഖിലയ്ക്കും എനിക്കും തലകറക്കം ഉണ്ടായി. ഒരു ഗ്ലാസ് വെള്ളം പോലും തരാൻ അവർ കൂട്ടാക്കിയില്ല. നിയമ പഠനത്തിന്റെ ഭാഗമായി പഠിച്ച മനുഷ്യാവകാശ നിയമങ്ങളും, ഭരണഘടനാ വ്യവസ്ഥകളും, സി ആർ പി സി, ഡി കെ ബസു കേസുമെല്ലാം വെറും പുസ്തക താളുകളിൽ ഒതുങ്ങുന്നതാണ് എന്ന തിരിച്ചറിവാണ് ഈ ദിവസങ്ങളിൽ ഉണ്ടായത്. ഞങ്ങളെ കാണാൻ വന്ന ടി സിദ്ദിഖ് എം എൽ എ പോലീസുകാരോട് എത്രയും പെട്ടന്ന് ഞങ്ങളെ ആശുപത്രിയിൽ എത്തിക്കണം എന്ന് പറഞ്ഞ് പ്രതിഷേധിച്ചു. തുടർന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് അഭിജിത്ത് ഉൾപ്പെടെയുള്ള അനുജന്മാർ ഞങ്ങളെ ആശുപത്രിയിൽ കൊണ്ടുപോകണം എന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചു.
തുടർന്ന് ഞങ്ങളെ രണ്ട് പേരെയും ജനറൽ ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി. മുറിവ് സെപ്റ്റിക്ക് ആകാൻ സാധ്യതയുള്ളതിനാൽ ടി ടി ഇൻജെക്ഷൻ നൽകി. ആശുപത്രിയിൽ ആണെന്ന് അറിഞ്ഞു എന്നെ കാണാൻ വന്ന ഭർത്താവിനോട് പോലീസ് അപമാര്യദയായി പെരുമാറി. മുറിവേറ്റ എന്നോട് സംസാരിച്ച ഭർത്താവിനോട് പുറത്തു തട്ടി മാറി നിൽക്കാൻ പറഞ്ഞു. എന്റെ ഭാര്യയാണ് എനിക്കൊന്നു സംസാരിക്കണം എന്ന് പറഞ്ഞപ്പോൾ ‘പോലീസ് കസ്റ്റഡിയിലുള്ള പ്രതിയാണ്, അങ്ങനെ സംസാരിക്കാനൊന്നും സാധിക്കില്ല’ എന്ന് പോലീസുകാരൻ ഗൗരവ സ്വരത്തിൽ പറഞ്ഞു. അതുകൊണ്ട് ആരായാലും മാറി നിൽക്കണം എന്ന് പറഞ്ഞപ്പോൾ അദ്ദേഹം മാറി നിന്നു. തുടർന്ന് എന്നെ ഡ്രസ്സ് ചെയ്യാൻ കൊണ്ടുപോയി.
അപ്പോൾ കയറിവന്ന കന്റോൺമെന്റ് സി. ഐ ഉറച്ച സ്വരത്തിൽ അതിലധികം പുച്ഛത്തോടെ എന്റെ ഭർത്താവിന്റെ മുൻപിൽ വച്ച് അടുത്ത് നിന്ന കീഴുദ്യോഗസ്ഥനോട് ചോദിച്ചു ‘ഇപ്പോൾ കൊണ്ടുവന്ന ഐറ്റങ്ങൾ എവിടെപ്പോയി?’. അപ്പോൾ ആ പോലീസുകാരൻ പറഞ്ഞു ‘ഒരാളെ ഡ്രസ്സ് ചെയ്യാൻ കൊണ്ടുപോയി, മറ്റയാൾ അവിടെ ഡ്രിപ് ഇട്ടു കിടപ്പുണ്ട് ’. ഇത് എന്നോട് ഭർത്താവ് പറയുന്നതിനിടക്ക് എന്നെ വനിതാ പോലീസുകാർ പിടിച്ചു കൊണ്ടുപോയി.
അങ്ങനെ പോലീസിന്റെ ‘ഐറ്റങ്ങൾ’ നാല് ദിവസം ജയിലിൽ കിടന്നു. ഇന്ന് പുറത്തു വന്നു.
വനിതാ മുന്നേറ്റവും സ്ത്രീ ശാക്തീകരണവും നാഴികക്ക് നാല്പതു വട്ടം പറയുന്ന ഈ സർക്കാരിന്റെ കീഴിലുള്ള അഭ്യന്തര വകുപ്പ് എന്ത് സ്ത്രീ സുരക്ഷാ സന്ദേശമാണ് നൽകുന്നത് . ഐറ്റം വിളി നടത്തിയ പോലീസുകാരന്റെ മകളും അമ്മയും ഭാര്യയും അയാളെ തിരുത്തട്ടെ. എനിക്ക് ഏറ്റവും രസമായി തോന്നിയ കാര്യം നിയമസഭയ്ക്ക് അകത്ത് എല്ലാം തല്ലിപൊളിച്ചവർ ഒരു ദിവസം പോലും അഴിക്കുള്ളിൽ കിടന്നില്ല.. എന്നാൽ പുറത്ത് പ്രകടനം നടത്തിയ ഏഴ് വനിതകൾ(രണ്ട് മുലയൂട്ടൂന്ന അമ്മമാർ )നാല് ദിവസം അഴിക്കുള്ളിൽ.
സ്ത്രി സുരക്ഷയും സ്ത്രീ ശാക്തീകരണവും നീണാൾ വാഴട്ടെ