കൊത്താനാഞ്ഞ പുല്ലാനി മൂർഖന്റെ വായിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട് യുവാവ്. തൃപ്പയാറിൽ മതിൽ പണിയാനെത്തിയ അതിഥി തൊഴിലാളിയാണ് പാമ്പുകടിയേൽക്കാതെ രക്ഷപെട്ടത്. മേൽതൃക്കോവിൽ ശിവക്ഷേത്രത്തിനടുത്തെ വീട്ടിലെത്തിയതായിരുന്നു യുവാവ്.
വർഷങ്ങളായി ഉപയോഗിക്കാതിരുന്ന ബൈക്ക് മാറ്റിയ ശേഷം അടിയിലെ പലക നീക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആറടി നീളമുള്ള മൂർഖനെ കണ്ടത്.പെരുച്ചാഴികളെ വിഴുങ്ങി കിടക്കുകയായിരുന്ന പാമ്പ് ആക്രമിക്കാനായി ആഞ്ഞ് കൊത്തിയെങ്കിലും ഉന്നം തെറ്റി പലകയിൽ കൊണ്ടു. ഇതിനിടെ തൊഴിലാളി ചാടി രക്ഷപ്പെട്ടു. ചുറ്റും ആളുകളെ കണ്ടപ്പോൾ പേടിച്ചുപോയ പാമ്പ് രണ്ട് പെരുച്ചാഴികളെയും ഛർദിച്ചു കളഞ്ഞതിനു ശേഷം സമീപത്തെ പൊത്തിലേക്ക് ഇഴഞ്ഞുപോയി.
തളിക്കുളം അനിമൽ സ്ക്വാഡ് പ്രവർത്തകരെത്തി പൊത്തു തകർത്തതോടെ പാമ്പ് ഫണം വിരിച്ച് ചീറ്റിയെത്തി. വിദഗ്ധമായി പാമ്പിനെ സ്ക്വാഡ് പ്രവർത്തകർ പിടികൂടി സ്ഥലത്ത് നിന്നും മാറ്റുകയായിരുന്നു.