കാസര്‍കോട് നീലേശ്വരം അഴിത്തലയിൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ പ്രഖ്യാപിച്ച ടൂറിസം പദ്ധതികളൊന്നും നടപ്പായില്ല. നീലേശ്വരം നഗരസഭ ആരംഭിക്കാനിരുന്ന സംസ്ഥാനത്തെ ആദ്യ അഗ്രോ–അക്വാ ടൂറിസം പദ്ധതിയും കടലാസിൽ മാത്രം ഒതുങ്ങി.
വിശാലമായി വ്യാപിച്ചുകിടക്കുന്ന തീരപ്രദേശവും കാറ്റാടി മരങ്ങളും പുലിമുട്ടുമാണ് അഴിത്തലയെ ആകർഷകമാക്കുന്നത്. കടലും പുഴയും ഒരുമിക്കുന്ന പ്രദേശമെന്ന പ്രത്യേകതയും ഇവിടെയുണ്ട്. ഇവിടം ടൂറിസത്തിന് അനുയോജ്യമാണെന്ന് കണ്ടതിനെത്തുടർന്ന് നിരവധി പദ്ധതികളാണ് ആവിഷ്കരിക്കപ്പെട്ടത്. പക്ഷേ എല്ലാം പറച്ചിലില്‍ മാത്രം ഒതുങ്ങി.
അഴിത്തല ടൂറിസം പദ്ധതിക്ക് 2016ല്‍ നീലേശ്വരം നഗരസഭ തുടക്കമിട്ടിരുന്നു. ചിൽഡ്രൻസ് പാർക്ക്, ജങ്കാർ സർവീസ്, ആർട്ടിഫിഷൽ പോണ്ട് തുടങ്ങി നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്തത്. 18 ഏക്കർ ഭൂമി ഏറ്റെടുക്കാനും തീരുമാനിച്ചിരുന്നു. പദ്ധതി സർക്കാരിന്റെയും വിവിധ വകുപ്പുകളുടെയും ഏജൻസികളുടെയും സഹായത്തോടെ നടപ്പാക്കാനായിരുന്നു ലക്ഷ്യമിട്ടത്. എന്നാല്‍ തുക നീക്കിവയ്ക്കാൻ സർക്കാർ തയാറായില്ല. ഇതോടെയാണ് പദ്ധതി ഉപേക്ഷിക്കപ്പെട്ടത്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ അഴിത്തല വികസനത്തിനായി കാസർകോട് പാക്കേജിൽ നാലേമുക്കാല്‍ കോടി രൂപയുടെ പദ്ധതി സമർപ്പിച്ചിട്ടുണ്ട്. ഇതാണ് ഇപ്പോൾ നാട്ടുകാരുടെ അവസാന പ്രതീക്ഷ.